Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിക്ക് പല മുഖങ്ങളുണ്ട് സാര്‍, അത് ഗ്രാമഫോണ്‍ സംഗീതം മാത്രമല്ല - ബിഗ്ബിയെ വിമര്‍ശിച്ചതിന് കമലിന് ചുട്ട മറുപടി!

കൊച്ചിക്ക് പല മുഖങ്ങളുണ്ട് സാര്‍, അത് ഗ്രാമഫോണ്‍ സംഗീതം മാത്രമല്ല - ബിഗ്ബിയെ വിമര്‍ശിച്ചതിന് കമലിന് ചുട്ട മറുപടി!
, തിങ്കള്‍, 9 ഏപ്രില്‍ 2018 (21:23 IST)
മമ്മൂട്ടിയുടെ ‘ബിഗ്ബി’ എന്ന മെഗാഹിറ്റ് സിനിമയിലെ ‘കൊച്ചി പഴയ കൊച്ചിയല്ല’ എന്ന ഡയലോഗിനെ സംവിധായകന്‍ കമല്‍ വിമര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു. മമ്മൂട്ടി ആരാധകരും സിനിമാസ്വാദകരും കടുത്ത വിമര്‍ശനവുമായി കമലിനെതിരെ രംഗത്തെത്തിയിരുന്നു. ‘കൊച്ചി പഴയ കൊച്ചിയല്ല’ എന്ന ബിഗ്ബി ഡയലോഗെഴുതിയ ഉണ്ണി ആര്‍ തന്നെ ഇപ്പോള്‍ കമലിനെതിരെ കടുത്ത വിമര്‍ശനവുമായി വന്നിരിക്കുകയാണ്. 
 
ഉണ്ണി ആറിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം:
 
കൊച്ചി പഴയ കൊച്ചിയല്ല എന്ന സിനിമാ ഡയലോഗ് എങ്ങനെയാണ് എന്തിനാണ് താങ്കളെ ചൊടിപ്പിക്കുന്നത് എന്ന് എത്രയാലോചിച്ചിട്ടും പിടി കിട്ടുന്നില്ല. കൊച്ചിയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നുവെന്നോ? താങ്കള്‍ സിനിമയില്‍ സന്ദേശം വേണമെന്ന് കരുതുന്ന തലമുറയില്‍പ്പെട്ടയാളാണല്ലേ? എങ്കില്‍ ഒന്നുകൂടെ പറയാം കമല്‍ സര്‍, കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ല. ഒരു പാട് മാറി, മുന്നോട്ട് പോയി.
 
ആ ഡയലോഗ് സിനിമയില്‍ നിന്ന് പുറപ്പെട്ട് എവിടെയൊക്കെ എത്തിപ്പെട്ടെന്ന് താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടോ? മാറ്റങ്ങളെക്കുറിച്ച് സൂചിപ്പിക്കാന്‍, പോസ്റ്ററുകളായും ക്യാംപെയ്ന്‍ ക്യാപ്ഷനുകളായും സംസാരങ്ങളിലെ രസങ്ങളായും ഒക്കെ തലമുറഭേദമോ ലിംഗഭേദമോ കൂടാതെ ആളുകള്‍ ഏറ്റെടുത്ത ഒരു വാചകമാണത്. അതും പുരോഗമനാത്മകമായിത്തന്നെ. അത് സിനിമയിലെ ഒരു ഗുണപാഠ സന്ദേശ വാക്യമായി ഒതുങ്ങിയില്ല എന്നതു തന്നെയാണ് അതിന്റെ വിജയവും. കൊച്ചിയെക്കുറിച്ച് ഓര്‍മിച്ച് പറയാന്‍ താങ്കള്‍ക്കുപോലും മറ്റൊരു വാചകം കിട്ടിയില്ലല്ലോ എന്നാണ് എന്റെ അതിശയം. 
 
കൊച്ചി മാത്രമല്ല സര്‍, കാലവും പഴയ കാലമല്ല, നമ്മുടെ രാജ്യവും പഴയ രാജ്യമല്ല. കമല്‍ എന്ന സംവിധായകന്‍ കമാലുദ്ദീന്‍ ആയി പെട്ടെന്ന് മാറിപ്പോയതിന്റെ ഭയപ്പെടുത്തുന്ന വൈരുദ്ധ്യത്തെ താങ്കള്‍ തിരിച്ചറിഞ്ഞു കാണുമല്ലോ? പഴയതെല്ലാം അതേപടി നിലനിര്‍ത്തണമെന്ന് വാദിക്കുന്നവരുടെ, മാറ്റങ്ങളെ അംഗീകരിക്കാന്‍ കഴിയാത്തവരുടെ ഭരണം. ബഹുസ്വരതയെ മനസ്സിലാവാത്തവരുടെ ഭരണം. ഇസ്ലാമിക് ഹെറിറ്റേജിന്റെ ബഹുസ്വരതയെക്കുറിച്ചുള്ള ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടാണ് താങ്കള്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത് എന്നതും വിചിത്രമാണ്. 
 
കൊച്ചിക്ക് പല മുഖങ്ങളുണ്ട് സാര്‍. അത് ഗ്രാമഫോണ്‍ സംഗീതം മാത്രമല്ല. ഒരു മുഖമേ കൊച്ചിക്കുള്ളൂ എന്ന് വാശി പിടിച്ചാല്‍ നമ്മളൊക്കെ ആഗ്രഹിക്കുന്ന ബഹുസ്വരത ഇല്ലാതാവും. മലയാള സിനിമയില്‍ സാമൂഹ്യ വിരുദ്ധവും അരാഷ്ട്രീയവുമായ ഡയലോഗുകള്‍ ഉണ്ട് എന്ന് പറയുകയായിരുന്നു താങ്കളുടെ ഉദ്ദേശമെങ്കില്‍ അത് പറയണമായിരുന്നു. പക്ഷേ അതിനു വേണ്ടി താങ്കള്‍ തിരഞ്ഞെടുത്ത ഡയലോഗ് മാറിപ്പോയി എന്ന് സ്നേഹപൂര്‍വ്വം വിമര്‍ശിക്കട്ടെ.
 
എന്ന്, 
വിനയപൂര്‍വ്വം
ആ ഡയലോഗ് എഴുതിയ ഉണ്ണി ആര്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിഗൂഢത ഒളിപ്പിച്ച മുഖവുമായി ഒടിയൻ മാണിക്യൻ: ഓടിയന്റെ പുതിയ ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടു