' ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച ആദ്യ സിനിമ 'സിറ്റി ഓഫ് ഗോഡ്' ആണ്': പൃഥ്വിരാജ്
ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിറ്റി ഓഫ് ഗോഡ് സംവിധാനം ചെയ്തത്
Prithviraj - City of God Movie
വെറും രണ്ട് സിനിമകള്‍ കൊണ്ട് സംവിധായകന്‍ എന്ന നിലയില്‍ ഏറെ പ്രശംസ നേടിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫറും ബ്രോ ഡാഡിയുമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി മാര്‍ച്ച് 27 നു തിയറ്ററുകളിലെത്തുന്നു. എന്നാല്‍ സംവിധായകന്‍ ആകുകയെന്ന മോഹം വളരെ പണ്ട് തന്നെ തനിക്കുണ്ടായിരുന്നെന്നും താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ആദ്യ സിനിമ ലൂസിഫര്‍ അല്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
2011 ല്‍ പുറത്തിറങ്ങിയ സിറ്റി ഓഫ് ഗോഡ് എന്ന സിനിമ സംവിധാനം ചെയ്യാന്‍ പൃഥ്വിരാജ് തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് നടന്നില്ല. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിറ്റി ഓഫ് ഗോഡ് സംവിധാനം ചെയ്തത്. അതില്‍ പൃഥ്വിരാജ് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഗലാട്ടാ പ്ലസിലൂടെ ഭരദ്വാജ് രംഗനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.
' യഥാര്‍ഥത്തില്‍ ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച ആദ്യ സിനിമ ലൂസിഫര്‍ അല്ല, അത് സിറ്റി ഓഫ് ഗോഡ് ആണ്. പിന്നീട് ആ സിനിമ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തു. ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതിനേക്കാള്‍ വളരെ നന്നായി ലിജോ അത് ചെയ്തിട്ടുണ്ട്. എനിക്ക് ആ സിനിമ വളരെ ഇഷ്ടമാണ്, എന്റെ പേഴ്‌സണല്‍ ഫേവറിറ്റ് സിനിമ. ആ സിനിമ ഞാന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ ലിജോ ചെയ്ത അത്രയും മികച്ചതാകുമെന്ന് എനിക്ക് തോന്നുന്നില്ല. ആ സിനിമയാണ് ശരിക്കും ഞാന്‍ ആദ്യമായി സംവിധാനം ചെയ്യേണ്ടിയിരുന്നത്. പക്ഷേ അപ്പോഴാണ് മണിരത്‌നം സാര്‍ എന്നെ രാവണന്‍ സിനിമയിലേക്ക് വിളിച്ചത്,' പൃഥ്വിരാജ് പറഞ്ഞു.
ബാബു ജനാര്‍ദ്ദനന്‍ ആണ് സിറ്റി ഓഫ് ഗോഡിന്റെ രചന നിര്‍വഹിച്ചത്. പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, രോഹിണി, റിമ കല്ലിങ്കല്‍, ശ്വേത മേനോന്‍, രാജീവ് പിള്ള എന്നിവരും സിറ്റി ഓഫ് ഗോഡില്‍ അഭിനയിച്ചിട്ടുണ്ട്.