കൽക്കി 2898 എഡി രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുക്കോണിനെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. പിന്നാലെ ദീപികയ്ക്ക് നേരെ വൻ സൈബർ ആക്രമണമായിരുന്നു നടന്നത്. ജോലി സമയവും വൻ പ്രതിഫലവും ചോദിച്ചത് കൊണ്ടാണ് ദീപികയെ സിനിമയിൽ നിന്നും പിരിച്ച് വിട്ടതെന്ന വിമർശനവും ഉയർന്നു. 
 
 			
 
 			
					
			        							
								
																	
	 
	ഇപ്പോഴിതാ കൽക്കിയുടെ ആദ്യ ഭാഗത്തിൽ നിന്നും ദീപികയുടെ പേര് പോലും ഒഴിവാക്കി എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. കൽക്കിയുടെ ഒടിടിയിൽ സ്ട്രീം ചെയ്യുന്ന പതിപ്പിലെ എൻഡ് ക്രെഡിറ്റിൽ നിന്നാണ് ദീപികയുടെ പേര് ഒഴിവാക്കിയത് എന്നാണ് കണ്ടെത്തൽ. എൻഡ് ക്രെഡിറ്റിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
	 
	കൽക്കിയിൽ വലിയൊരു റോൾ കൈകാര്യം ചെയ്യുകയും സിനിമയുടെ വിജയത്തിൽ അവിഭാജ്യമായ പങ്കുവഹിക്കുകയും ചെയ്ത ദീപികയുടെ പേര് വെട്ടി മാറ്റിയത് മോശമായിപ്പോയി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഈ ചെയ്തത് മോശമായി പോയി എന്ന അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു കൊണ്ടിരിക്കുന്നത്.
	 
	എന്നാൽ ദീപികയുടെ പേര് ഒഴിവാക്കിയിട്ടില്ല എന്ന വാദങ്ങളുമായാണ് ഒരു വിഭാഗം എക്‌സിൽ കുറിപ്പുകളും ചിത്രങ്ങളുമായി എത്തുന്നത്. ദീപികയുടെ പേര് വരുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണ് ചിലർ പങ്കുവച്ചിരിക്കുന്നത്. ദീപിക പെയ്ഡ് ക്യാംപെയ്ൻ ആരംഭിച്ചു എന്നടക്കം വിമർശനം ഉയർത്തി കൊണ്ടാണ് ചിലരുടെ ട്വീറ്റുകൾ.
	 
	”ദീപിക പദുക്കോൺ ഏറ്റവും നാണംകെട്ട നടിയും വ്യക്തിയുമാണ്. കൽക്കി സിനിമയ്‌ക്കെതിരെ നിർമ്മാതാക്കളെ അപകീർത്തിപ്പെടുത്താനായി ഒരു പെയ്ഡ് കാംപെയ്ൻ ആരംഭിച്ചിരിക്കുകയാണ്. അവരുടെ നീചമായ ആവശ്യങ്ങൾ കാരണം അവരെ സിനിമയിൽ നിന്നും പുറത്താക്കിയതു കൊണ്ടാണ്” എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.  
	 
	വളരെ മോശം രീതിയിലാണ് ദീപികയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ നടക്കുന്നത്. കടുത്ത സൈബർ ആക്രമണമാണ് ദീപികയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്.