ധനുഷ് നായകനായെത്തുന്ന ബോളിവുഡ് ചിത്രമാണ് തേരെ ഇഷ്‌ക് മേം. കൃതി സനോൺ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്, ഈ മാസം 28 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ.
ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശങ്കർ എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്.രാഞ്ജന, അത്രേംഗി റേ എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും ആനന്ദ് എൽ റായ്‌യും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തേരെ ഇഷ്‌ക് മേം. ഇപ്പോഴിതാ ചിത്രത്തിന്റെ ഡൽഹിയിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ ധനുഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
"ആനന്ദ് എന്നെ ഇത്തരം കഥാപാത്രങ്ങൾക്കാണ് വിളിക്കുന്നത്. എന്നെ എന്തിനാണ് ഇത്തരം വേഷങ്ങൾക്കായി വിളിക്കുന്നതെന്ന് ഞാൻ സംവിധായകനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി, അപ്പോൾ കൃതിയാണോ ആനന്ദാണോ എന്നെനിക്ക് കൃത്യമായി ഓർമയില്ല, പ്രണയ പരാജയമുള്ള ഒരാളുടെ മുഖമാണ് നിങ്ങൾക്കെന്ന് എന്നോട് പറഞ്ഞു.
അന്ന് വീട്ടിലെത്തിയപ്പോൾ കണ്ണാടിയിൽ പോയി എന്റെ മുഖം നോക്കി. ശരിക്കും അങ്ങനെയാണോ എന്നറിയാൻ. ഇതൊരു അഭിനന്ദനമായി ഞാൻ കാണുന്നു".- ധനുഷ് പറഞ്ഞു. 'നിങ്ങൾക്ക് ശരിക്കും ഹൃദയം തകർന്ന ഒരാളുടെ മുഖമാണെ'ന്ന് കൃതി തമാശരൂപേണ ധനുഷിനോട് പറഞ്ഞു. തന്റെ കഥാപാത്രത്തെക്കുറിച്ചും ധനുഷ് പറഞ്ഞു.
സത്യസന്ധമായി പറയുകയാണെങ്കിൽ അത് വളരെയധികം വെല്ലുവിളി നിറഞ്ഞ വേഷമായിരുന്നു രാഞ്ജനയിലെ ആയാലും ഇത് ആയാലും.- ധനുഷ് പറഞ്ഞു. രാഞ്ജനയിലെ കുന്ദനെ ചിലപ്പോൾ ഇഷ്ടപ്പെടാൻ കുറച്ച് പാടായിരിക്കും. പക്ഷേ ശങ്കറിനെ പെട്ടെന്ന് ഇഷ്ടപ്പെടും.
പക്ഷേ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ചാലഞ്ചുകളുണ്ടെന്നും അതേക്കുറിച്ച് തനിക്കിപ്പോൾ കൂടുതലായൊന്നും പറയാൻ കഴിയില്ലെന്നും ധനുഷ് കൂട്ടിച്ചേർത്തു. റൊമാന്റിക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രകാശ് രാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്.