പൊതുവേദികളില്‍ വളരെ സരസമായി സംസാരിക്കുന്ന താരങ്ങളില്‍ ഒരാളാണ് ധ്യാന്‍ ശ്രീനിവാസന്‍. സ്വന്തം ചേട്ടനെയും അച്ഛനെയും വരെ ട്രോൾ മെറ്റീരിയൽ ആക്കാൻ ധ്യാന് മടിയില്ല. അഭിമുഖം സ്റ്റാർ എന്നാണ് ധ്യാന്റെ ഇരട്ടപ്പേര്. നൽകുന്ന അഭിമുഖങ്ങളും അടിക്കുന്ന കൗണ്ടറുകളും എല്ലാം ഹിറ്റാണ്. എല്ലായിപ്പോഴും ചിരിച്ച മുഖത്തോടെ ചോദ്യങ്ങളെ നേരിടുന്ന ധ്യാൻ ശ്രീനിവാസൻ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമത്തോട് ക്ഷുഭിതനായി സംസാരിച്ചു.
ധ്യാൻ ശ്രീനിവാസന്‍റെ തിരക്കഥയിൽ, നടന്‍ നായകനായി എത്തുന്ന 'ആപ് കൈസേ ഹോ' എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. നിര്‍മ്മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണോ ധ്യാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യമാണ് നടനെ ചൊടിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ സ്‌റ്റാര്‍ എന്നാണ് ധ്യാനിനെ കുറിച്ച് യൂട്യൂബില്‍ വരുന്ന കമന്‍റുകളെന്നും സിനിമയെ സീരിയസായി കാണണമെന്നായിരുന്നു മാധ്യമ പ്രവർത്തകൻ പറഞ്ഞത്.
'ഞാന്‍ സിനിമയെ എങ്ങനെയാണ് കാണേണ്ടതെന്ന് നീയാണോ എനിക്ക് പഠിപ്പിച്ച് തരേണ്ടത്' എന്നായിരുന്നു ധ്യാനിന്‍റെ മറുചോദ്യം. നിങ്ങള്‍ സ്വന്തം ജോലിയെ വളരെ സീരിയസ് ആയല്ലേ കാണുന്നതെന്നും അതേ സീരിയസ്‌നെസ്സോടെയാണ് താന്‍ സിനിമയില്‍ അഭിനയിക്കുന്നതെന്നും നടന്‍ തുറന്നടിച്ചു.
നിരന്തരമായി സിനിമകൾ ബോക്‌സ് ഓഫീസിൽ തകരുന്നത് ധ്യാൻ ശ്രീനിവാസൻ എന്ന നടന്‍റെ ഉത്തരവാദിത്വമില്ലായ്‌മയാണെന്നും, സ്വന്തം സിനിമകളെ തന്നെ ഇകഴ്ത്തി സംസാരിക്കുന്ന ധ്യാനിന്‍റെ സ്വഭാവം മോശമാണെന്നും മാധ്യമപ്രവര്‍ത്തകന്‍ വാദിച്ചു. ഇതിന് സ്വതസിദ്ധമായ ശൈലിയിൽ സംസാരിച്ച് തുടങ്ങിയെങ്കിലും നടനെ പൂര്‍ണ്ണമായും മറുപടി പറയാന്‍ മാധ്യമപ്രവര്‍ത്തകന്‍ അനുവദിച്ചില്ല. നിരന്തരം മോശം സിനിമകളിൽ അഭിനയിക്കുന്നത് നിർമ്മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയാണെന്നും, കള്ളപ്പണം സ്‌റ്റാർ എന്നൊരു വിശേഷണം ധ്യാനിന് പൊതുവിൽ ഉണ്ടെന്നും മാധ്യമപ്രവര്‍ത്തകന്‍ പരസ്യമായി വിളിച്ചുപറഞ്ഞു. ഇതോടെ ധ്യാന് പൊട്ടിത്തെറിച്ചു.
ധ്യാന്റെ വാക്കുകൾ:
"എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ഇയാൾ എന്നെക്കുറിച്ച് ഇങ്ങനെ ഒരു വാദം ഇത്രയധികം മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നത്? ഇതിനെ കുറിച്ചുള്ള എന്തെങ്കിലും തെളിവുകൾ നിങ്ങളുടെ പക്കലുണ്ടോ? നിർമ്മാതാക്കൾ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെങ്കിൽ അത് അവരുടെ ആവശ്യം. അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഞാൻ ജോലി ചെയ്യുന്നതിന് ശമ്പളം നിയമപരമായി അക്കൗണ്ടിലൂടെ തന്നെയാണ് കൈപ്പറ്റുന്നത്. അറിയാത്ത കാര്യങ്ങളെപ്പറ്റി മിണ്ടരുത്. അങ്ങനെയുള്ള കാര്യങ്ങൾ ചോദിക്കരുത്, പറയരുത്.
എന്തുകൊണ്ട് എന്‍റെ സിനിമകൾ നിരന്തരം പരാജയപ്പെട്ടിട്ടും വീണ്ടും അവസരങ്ങൾ കിട്ടുന്നത് എന്തുകൊണ്ടെന്ന് നിനക്ക് അറിയാമോ? അതിന് കാരണം അച്ചടക്കവും മര്യാദയുമാണ്. അത് എനിക്കുണ്ട്. നിങ്ങളെപ്പോലെ ആളുകളെ വെറുപ്പിക്കുന്ന സ്വഭാവം എനിക്കില്ല. സിനിമകൾ വിജയിക്കും, പരാജയപ്പെടും. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുള്ളത് പോലെ ചിലർക്ക് സിനിമ നിർമ്മിക്കണമെന്നും ആഗ്രഹമുണ്ടാകും. ആ സിനിമയുടെ വിജയ പരാജയങ്ങൾ അവർ കണക്കിലെടുക്കുന്നില്ല. അത് അവരുടെ ആഗ്രഹമാണ്. അത്തരത്തിലുള്ള നിർമ്മാതാക്കൾക്ക് വളരെ എളുപ്പം ആക്‌സസ് ചെയ്യാൻ പറ്റുന്ന നായകനാണ് ഞാൻ.
വളരെ ചെറിയ ബജറ്റിൽ അവർക്ക് എന്നെ വെച്ചൊരു സിനിമ ചെയ്യാം. അനാവശ്യ ചോദ്യങ്ങളും അഭിപ്രായങ്ങളും ഉന്നയിച്ച് ഇതുപോലെ മുന്നോട്ടു വരുന്നവരെ നിരുത്സാഹപ്പെടുത്താൻ എനിക്കറിയില്ല. സിനിമയുടെ വിജയ പരാജയങ്ങൾ അവരെ പറഞ്ഞ് മനസ്സിലാക്കിയിട്ട് തന്നെയാണ്. ഇതുപോലുള്ള ചോദ്യങ്ങൾ ചോദിച്ച് വെറുപ്പിക്കാതിരുന്നാൽ അവസരങ്ങൾ പിന്നെയും പിന്നെയും ലഭിക്കും. നീ വെറുപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് പറയുന്നത്. മിണ്ടരുത്, സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള കാഴ്‌ച്ചപ്പാടുകളും ഉത്തരവാദിത്വങ്ങളും മറ്റൊരാൾ എന്നെ പഠിപ്പിക്കേണ്ട," ധ്യാൻ ശ്രീനിവാസന്‍ പറഞ്ഞു.