കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭാരതി രാജയുടെ മകനും തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതി വിട പറഞ്ഞത്. 48 ആം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1999ൽ പുറത്തിറങ്ങിയ താജ്മഹൽ എന്ന ചിത്രത്തിലൂടെ നായകനായിട്ടാണ് മനോജ് ഭാരതി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളികളുടെ സ്വന്തം നടി നന്ദനയാണ് മനോജിന്റെ ഭാര്യ.
2002-2006 കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ സജീവമായിരുന്നു നന്ദന. കുഞ്ചാക്കോ ബോബന്റെ നായികയായി സ്നേഹിതൻ എന്ന സിനിമയിലൂടെയാണ് നന്ദന സിനിമയിൽ അരങ്ങേറിയത്. സ്നേഹിതനിലെ നന്ദനയുടെ റോളും പാട്ടുകളും എല്ലാം ഹിറ്റായിരുന്നു. പിന്നീട് സ്വപ്നം കൊണ്ട് തുലാഭാരം, സേതുരാമയ്യർ സിബിഐ, ചതിക്കാത്ത ചന്തു, കല്യാണ കുറിമാനം തുടങ്ങിയ മലയാള സിനിമകളിലും സക്സസ്, എബിസിഡി, സാധുരിയൻ, കല്ലിഗ തുടങ്ങിയ തമിഴ് സിനിമകളിലും നന്ദന അഭിനയിച്ചു.
സാധുരിയൻ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അതിലെ നായകനായ മനോജുമായി നന്ദന പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മതത്തോടെ 2006 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം. ആഘോഷമായി കേരള സ്റ്റൈലിലായിരുന്നു വിവാഹം നടന്നത്. സോഷ്യൽമീഡിയയിലും താരപത്നി സജീവമായിരുന്നില്ല. മനോജിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയാണ് നന്ദനയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്.