ദുൽഖർ സൽമാൻ നായകനായി എത്തുന്ന തെലുങ്ക് ചിത്രമായ സീതാരാമം നാളെ റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തി. മതവികാരം വൃണപ്പെടുത്തുന്നുവെന്ന് ചൂണ്ടികാണിച്ചാണ് യുഎഇ ഉൾപ്പടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയത്.
ബഹ്റൈൻ,കുവൈറ്റ്,ഒമാൻ,ഖത്തർ,സൗദി അറേബ്യ,യുഎഇ എന്നീ രാജ്യങ്ങളാണ് ദുൽഖറിൻ്റെ തെലുങ്ക് ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്. ഈ തീരുമാനം ചിത്രത്തിൻ്റെ ബോക്സോഫീസ് കളക്ഷനെ കാര്യമായി ബാധിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. റൊമാൻ്റിക് പിരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ലെഫ്റ്റനൻ്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.
തെലുങ്കിന് പുറമെ തമിഴ്,മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൃണാൽ ഠാക്കൂറാണ് ദുൽഖറിൻ്റെ നായികയായി എത്തുന്നത്. രശ്മിക മന്ദാനയും ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.