സുഡാനി ഫ്രം നൈജീരിയ സിനിമയിലെ അഭിനേതാവ് സാമുവൽ റോബിൻസൺ നിർമ്മാതാക്കൾക്കെതിരെ നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ഡോക്ടർ ബിജു. തന്നോട് വംശീയ അതിക്ഷേപം നടത്തി എന്നും തനിക്ക് മലയാളത്തിലെ പുതുമുഖ അഭിനേതാക്കൾക്ക് നൽകുന്ന പ്രതിഫലം പോലും നൽകിയില്ല എന്നുമുള്ള സാമുവലിന്റെ വിമർശനങ്ങൾ വന്നതിനെ തുടർന്നാണ് ഡോക്ടർ ബിജു തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
യാതൊരു വിധ തൊഴില്‍ നിയമങ്ങളും ഇല്ലാത്ത യാതൊരു വിധത്തിലുള്ള സോഷ്യലിസ്റ്റ് മനോഭാവവുമില്ലാത്ത, ചെറുതല്ലാത്ത വംശീയ മനോഭാവം നിലനില്‍ക്കുന്ന ഒരു മേഖലയാണ് ഭൂരിപക്ഷം മലയാള സിനിമാ സൈറ്റുകളും. ഒരേ സെറ്റില്‍ മൂന്ന് തരം ഭക്ഷണം പോലും വിളമ്പുന്ന വിവേചനം ഇന്നും നിലനില്‍ക്കുന്ന ഒരിടം.താരങ്ങള്‍ക്ക് അവരാവശ്യപ്പെടുന്ന പ്രതിഫലം കൊടുക്കുന്നത് കൂടാതെ പിന്നീട് അവരുടെ ഓരോ സ്വകാര്യ ആവശ്യങ്ങള്‍ക്കും വിമാന ടിക്കറ്റോ യാത്രാക്കൂലിയോ നല്‍കാന്‍ ഒരു മടിയും ഉണ്ടാകാറില്ല.
പക്ഷെ രാപകല്‍ കഷ്ടപ്പെടുന്ന ഒരു ലൈറ്റ് ടെക്‌നിഷ്യനോ ഡ്രൈവറോ പ്രൊഡക്ഷന്‍ ബോയിയോ 250 രൂപയുടെ ഒരു ബാറ്റ കൂടുതല്‍ ചോദിച്ചാല്‍ കൊടുക്കാന്‍ ബുദ്ധിമുട്ടാണ്.ഒരു ദിവസം കൂലിപ്പണിയെടുത്താല്‍ കിട്ടുന്ന തുക പോലും കൊടുക്കാതെ അറവ് മാടുകളെ പോലെ പണിയെടുക്കുന്ന അസിസ്റ്റന്റ്‌റ് ഡയറക്ടര്‍മാര്‍ ആണ് സിനിമാ രംഗത്ത് കൂടുതലും. രാവിലെ 6 മണിക്ക് തന്നെ സെറ്റിലെത്തുന്ന ലൈറ്റ് ടെക്‌നിഷ്യന്മാരും, പ്രൊഡക്ഷന്‍ ബോയിയും , ഡ്രൈവര്‍മാരും , ആര്‍ട്ട് , ഡയറക്ഷന്‍ അസിസ്റ്റന്റ്മാരും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരും ഒക്കെ തിരികെ പോകുന്നത് ഷൂട്ടിങ് പൂര്‍ത്തിയാക്കി രാത്രി ഏറെ വൈകി ആകും.
വലിയ താരങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ വരാം ഇഷ്ടമുള്ളപ്പോള്‍ പോകാം. അവര്‍ക്ക് തൊഴിലിന്റെ ഒരു പ്രൊഫഷണലിസവും ബാധകമല്ല. അവര്‍ക്ക് വേണ്ടി എത്ര നേരവും കാത്ത് നില്‍ക്കാം, എത്ര നേരത്തെയും ഷൂട്ടിങ് നിര്‍ത്താം. പക്ഷെ ഒരു അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളി രാത്രി ഷൂട്ട് നീണ്ടുപോയാല്‍ ഒരു ബാറ്റ കൂടുതല്‍ ചോദിച്ചാല്‍ സിനിമയില്‍ അത് വലിയ കുറ്റകൃത്യമാണ്. ഒരു അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ മിനിമം വേതനം ചോദിച്ചാല്‍ അവന്‍ പിറ്റേന്ന് വീട്ടിലേക്ക് ബാഗ് പായ്ക്ക് ചെയ്യണം. പുരുഷ താരങ്ങള്‍ക്ക് അവര്‍ ചോദിക്കുന്ന പ്രതിഫലം നല്‍കും പക്ഷെ സ്ത്രീ അഭിനേതാക്കള്‍ കിട്ടുന്നത് വാങ്ങി പൊയ്‌ക്കോണം. സ്ത്രീകള്‍ പണിയെടുക്കുന്നുവെങ്കില്‍ അവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സ്പെയ്സ് പോലും ഒരുക്കിക്കൊടുക്കാന്‍ ശ്രദ്ധിക്കാറു പോലുമില്ലാത്ത ആണിടങ്ങള്‍ ആണ് ഭൂരിപക്ഷം സിനിമാ സെറ്റുകളും. അതേപോലെ താരങ്ങള്‍ക്കും സംവിധായകര്‍ക്കും ചില നിര്മാതാക്കള്‍ക്കും പ്രൊഡക്ഷന്‍ കണ്ട്രോളര്‍മാര്‍ക്കും ഒക്കെ ആവശ്യത്തിനും അനാവശ്യത്തിനും തെറി വിളിച്ചു മെക്കിട്ട് കേറാനുള്ളവരാണ് സെറ്റിലെ അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികള്‍. ചില സെറ്റുകളില്‍ മൂന്ന് തരം ഭക്ഷണം പോലും നല്‍കാറുണ്ട്.തൊഴിലിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ചുള്ള വിവേചനം.
അന്‍പതോ നൂറോ ദിവസത്തെ ഒരു സിനിമയുടെ ചിത്രീകരണത്തിന് ജോലി ചെയ്യാനായി എത്തുമ്പോള്‍ പ്രധാന താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും മാത്രമാണ് ഒരു കരാറില്‍ ഏര്‍പ്പെടുന്നത്. ബാക്കി പണിയെടുക്കുന്ന ഭൂരിഭാഗം ആളുകളും കരാറിന്റെ പുറത്തല്ല ജോലി ചെയ്യുന്നത്.തൊഴില്‍പരമായ ഒരു ക്ലാസ്സ് വിഭജനവും വിവേചനവും വല്ലാതെ നില നില്‍ക്കുന്ന, നില നിര്‍ത്തി പോരുന്ന , സോഷ്യലിസത്തിനു യാതൊരു പ്രസക്തിയും ഇല്ലാത്ത ഒരു പണിയിടം ആണ് മലയാള സിനിമ. ചെറുതല്ലാത്ത വംശീയതയും അവിടെ പ്രകടമായി തന്നെ നിലനില്‍ക്കുന്നുണ്ട്. അത് കൊണ്ട് നന്മ ഒക്കെ സ്‌ക്രീനില്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി സ്‌ക്രീനിന് പുറത്ത് അതൊന്നും പ്രതീക്ഷിക്കരുത് സാര്‍..ഇത് മലയാള സിനിമയാണ്..ആദ്യ സിനിമയില്‍ നായികയായി അഭിനയിച്ച ഒരു കീഴാള സ്ത്രീയെ അവരുടെ വീട് കത്തിച്ചു തമിഴ് നാട്ടിലേക്ക് ഓടിച്ചു വിട്ടാണ് നമ്മള്‍ മലയാള സിനിമയുടെ സംസ്‌കാരം തുടങ്ങി വെച്ചത്.
അതിന് ശേഷം 90 വര്‍ഷമായിട്ടും ഒരു കറുത്ത നിറമുള്ള സ്ത്രീയെ നായികാ വേഷത്തില്‍ കൊണ്ടുവരാന്‍ സമ്മതിക്കാത്തവരാണ് സാര്‍ ഞങ്ങള്‍.(കറുത്ത നിറമുള്ള നായികയെ വേണമെങ്കില്‍ ഞങ്ങള്‍ വെളുത്ത ശരീരത്തെ കറുപ്പ് പെയിന്റ്റടിച്ചു അഭിനയിപ്പിക്കും.കറുത്ത നടന്മാരാകട്ടെ ഞങ്ങളുടെ താര രാജാക്കന്മാരുടെ അടി കൊള്ളാനും വംശീയമായി അപഹസിച്ചു ചിരിപ്പിക്കാനും , തറ കോമഡി ഉത്പാദിപ്പിക്കാനും ഉള്ള അസംസ്‌കൃത വിഭവമാണ് ഞങ്ങള്‍ക്ക്…തൊലിയുടെ നിറവും, വംശവും, ലിംഗവും, ചെയ്യുന്ന ജോലിയുടെ ഇനവും ഒക്കെ നോക്കി ആളുകളെ വേര്‍തിരിക്കുന്ന ഇടമാണ് ബ്രോ മലയാള സിനിമ. അവിടെയാണ് ഒരു കറുത്ത നിറമുള്ള അഭയാര്‍ത്ഥി , ലോകത്ത് ഏറ്റവും കൂടുതല്‍ വംശീയത നേരിടുന്ന ഒരു രാജ്യത്തിലെ പൗരന്‍ തൊഴില്‍ വിവേചനത്തെപ്പറ്റിയും അര്‍ഹമായ കൂലിയെപ്പറ്റിയും ഒക്കെ ഒരു ചര്‍ച്ച ഉയര്‍ത്തി വിടുന്നത്..കുറഞ്ഞപക്ഷം കെട്ടിയടയ്ക്കപ്പെട്ട സിനിമാ സൈറ്റുകളിലെ വെള്ളി വെളിച്ചത്തിന് അപ്പുറം ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങാന്‍ ഒരു നിമിത്തമാകുന്നു ഇത്.