ഭാര്യ കോകിലയെയും കൂട്ടി പുതിയ യൂട്യൂബ് ചാനലും തുടങ്ങി വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ് നടൻ ബാല. ബാലയ്‌ക്കെതിരെ മുൻഭാര്യ അമൃത കഴിഞ്ഞ ദിവസം കേസ് നൽകിയിരുന്നു. പിന്നാലെ, പ്രതികരണവുമായി മുൻഭാര്യ എലിസബത്തും രംഗത്ത്. കോടതിയിൽ കേസ് നടക്കുന്ന വേളയിൽ ചില രേഖകളിൽ തിരിമറി നടത്തിയാണ് ബാല കേസ് നടത്തിയത് എന്നായിരുന്നു അമൃത വീണ്ടും നൽകിയ കേസിലെ വാദം.
ഇതിന് പിന്നാലെയാണ്, അമൃതയ്ക്ക് ശേഷം ബാല വിവാഹം ചെയ്ത എലിസബത്ത് ഉദയൻ ബാലയ്‌ക്കെതിരെ രംഗത്ത് വന്നത്. സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ബാലയുടെ ഭീഷണി നേരിട്ടതായി എലിസബത്ത് പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബാല തന്നെ ക്ഷണിക്കപ്പെട്ട അതിഥികൾക്കും പോലീസിന്റെയും കൂടി മുന്നിൽവച്ചാണ് താലിചാർത്തി വിവാഹം ചെയ്തത്. ജാതകപ്രശ്നം നിമിത്തം 41 വയസിനു ശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കൂ എന്ന് ബാലയും അമ്മയും പറഞ്ഞു. തന്നെയും കുടുംബത്തെയും മാനസികമായും ശാരീരികമായും അയാൾ അപമാനിച്ചു. ഇന്നും അയാളും ഗുണ്ടകളും തന്നെ ഭീഷണിപ്പെടുത്താറുണ്ട് എന്ന് എലിസബത്ത് ഉദയൻ.
അമൃത കേസ് നൽകിയതിന് ശേഷം ബാല വീഡിയോ പ്രതികരണവുമായി എത്തിച്ചേർന്നുവെങ്കിലും, എലിസബത്തിന്റെ പോസ്റ്റിനു മേൽ ബാല ഒരുവാക്ക് പോലും മിണ്ടിയിട്ടില്ല. പകരം, കോകില യൂട്യൂബ് ചാനൽ വഴി അവതരിപ്പിച്ച റെസിപ്പികളിൽ ഒരെണ്ണം ഇഷ്‌ടപ്പെട്ട സ്ത്രീയുടെ ഒപ്പമുള്ള വീഡിയോ മാത്രമാണ് ബാലയുടെ പേജിൽ എത്തിച്ചേർന്നത്. ഇതും കൂടിയായതോടു കൂടി നടൻ ബാലയുടെ നേരെയുള്ള പ്രേക്ഷകരുടെ പ്രതികരണം രൂക്ഷമായി മാറുകയാണ്.