Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അത് സത്യമാണ്.ഞങ്ങടെ കഥയാണ്'; വൈറസ് ട്രെയിലറിനെക്കുറിച്ച് ബാലുശ്ശേരിക്കാരിയുടെ കുറിപ്പ്

ബാലുശ്ശേരിയിലെ പൊന്നു ഇമ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ.

'അത് സത്യമാണ്.ഞങ്ങടെ കഥയാണ്'; വൈറസ് ട്രെയിലറിനെക്കുറിച്ച് ബാലുശ്ശേരിക്കാരിയുടെ കുറിപ്പ്
, തിങ്കള്‍, 29 ഏപ്രില്‍ 2019 (09:08 IST)
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം വൈറസിന്റെ ട്രെയിലറാണ് ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്. ഇതോടെ കേരളത്തെ ഒന്നാകെ നടുക്കിയ നിപ്പ ദുരന്തത്തിന്റെ കഥ പറയുന്ന  ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇരട്ടിയായിരിക്കുകയാണ് ഇപ്പോൾ. ട്രെയിലർ പുറത്തുവന്നതിനു പിന്നാലെ സമുഹമാധ്യമങ്ങളിൽ നിപ്പ നാളുകളെ ഓർത്തുള്ള കുറിപ്പുകളും നിറയുകയാണ്. ബാലുശ്ശേരിയിലെ പൊന്നു ഇമ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ.
 
"പരസ്പരം പേടിയോടെ, സംശയത്തോടെ, ദേഷ്യത്തോടെ മാത്രം നോക്കുന്ന ദിവസങ്ങൾ.അങ്ങാടിയിലേയ്ക്ക് ഇറങ്ങാൻ പേടിയാണ്, നിരനിരയായി കടകൾ അടച്ചിട്ടത് കാണുമ്പോൾ,റോഡിൽ വണ്ടികൾ കാണാതാവുമ്പോൾ, ആശുപത്രി എന്ന് കേൾക്കുമ്പോൾ, പേരാമ്പ്ര എന്ന് ആരെങ്കിലും പറയുമ്പോൾ, സ്കൂളിന്റെ അവധി നീട്ടിക്കൊണ്ടുള്ള വാർത്തകൾ കേൾക്കുമ്പോൾ,എല്ലാം പേടിയാണ്", മരിച്ച് ജീവിച്ച ആ ദിവസങ്ങളെക്കുറിച്ച് ഇമ കുറിച്ചു.
 
സിനിമയുടെ ട്രെയിലറിലെ അവസാന രംഗത്തെക്കുറിച്ചും ഇമ കുറിച്ചു. "വൈറസ് മൂവിയുടെ ട്രെയിലർ കാണ്. അതിലെ അവസാന സീൻ ഇല്ലേ, സൗബിന്റെ, അത് സത്യമാണ്, ഞങ്ങളുടെ കഥയാണ്..കാണ് കാണ്.. 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
 
രണ്ടാം വർഷ പരീക്ഷകൾ കഴിഞ്ഞ് നാട്ടിലെത്തിയ സമയം..
ബാലുശ്ശേരി സ്റ്റാൻഡിൽ ബസും കാത്ത് നിൽക്കുകയായിരുന്നു ഞാൻ. 
കടകളെല്ലാം അടച്ചിരുന്നു,
ബസ് സ്റ്റാൻഡ് പതിവിനേക്കാൾ ഒഴിഞ്ഞിരിയ്ക്കുന്നു.
മൊത്തത്തിൽ പന്തികേട്.
 
ഇടക്ക് വെച്ച് ഒരു പരിചയക്കാരി ചേച്ചിയെ കൂട്ട് കിട്ടി.
ഞങ്ങൾ രണ്ട് പേർക്കും ഒരേ സ്ഥലത്തേയ്ക്കാണ് പോവേണ്ടത്.
 
"മോളിപ്പോ വെരണ്ടായ്നു. ആടത്തന്നെ നിന്നൂടെനോ കൊറച്ചെസം ?"
"അതെന്തേ ?"
"നിപ്പയല്ലേ മോളെ ഇവിടൊക്കെ... തീ തിന്ന് ജീവിക്ക്യാ ഞാളൊക്ക."
 
സംസാരിച്ച് നിൽക്കുമ്പോഴേയ്ക്കും പേരാമ്പ്രയ്ക്കുള്ള ബസ് വന്നു. അതിൽ കയറിയാൽ കൂട്ടാലിട ഇറങ്ങാം. പിന്നെ വീട്ടിലേയ്ക്ക് ഓട്ടോ വിളിച്ചാ മതി.
 
"വാ ചേച്ചീ കയറാം"
 
"അതില്ല് കേറണ്ട മോളെ, വേറെ ബസ് വരട്ടെ"
 
"അതെന്താപ്പോ ?"
 
"ഞാളിപ്പോ പേരാമ്പ്ര ബസിലൊന്നും കേറലില്ല. ആട്ന്നല്ലേ ഇതൊക്ക തൊടങ്ങ്യെ.. ലിനി സിസ്റ്ററിന്റെ കഥയൊക്ക കേട്ടില്ലേ ങ്ങി. പേട്യാണ് മോളെ.."
 
"അങ്ങനൊന്നുല്ലപ്പാ.. ഇപ്പൊ കൊറേ നിയന്ത്രണത്തിലായ്ക്ക്ന്ന്.. പേടിക്കാണ്ടിരിക്കി.. വാ നമ്മക്ക് കയറാം"
 
ഒരു വിധത്തിൽ ബസിൽ കയറ്റി.
പക്ഷെ പതുക്കെ പതുക്കെ എല്ലാവരെയും പോലെ ആ പേടി എന്നേയും കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു.
ബസിലാകെ അഞ്ചോ ആറോ ആൾക്കാർ.
മാസ്‌ക്കിട്ട മുഖങ്ങൾ പരമാവധി തൊടാതെ ദൂരെ ദൂരെ മാറി സീറ്റിന്റെ അറ്റത്തോട്ടിരിയ്ക്കുന്നു പരസ്പരം മുഖം നോക്കാതെ, മിണ്ടാതെ, തിരിഞ്ഞിരിയ്ക്കുന്നു.
 
കൂട്ടാലിട അങ്ങാടിയിലും ആരുമില്ല. 
ഓട്ടോ കയറി വീട്ടിലേക്ക് പോകുമ്പോഴും, പരിചയക്കാരെ കണ്ടാലും, വീട്ടിലിരിക്കുമ്പോഴും എല്ലാം എല്ലാവർക്കും പറയാനുള്ളത് നിപ്പാ കഥകൾ മാത്രം.
 
പരസ്പരം പേടിയോടെ, സംശയത്തോടെ, ദേഷ്യത്തോടെ മാത്രം നോക്കുന്ന ദിവസങ്ങൾ.
അങ്ങാടിയിലേയ്ക്ക് ഇറങ്ങാൻ പേടിയാണ്, നിരനിരയായി കടകൾ അടച്ചിട്ടത് കാണുമ്പോൾ,
റോഡിൽ വണ്ടികൾ കാണാതാവുമ്പോൾ,
ആശുപത്രി എന്ന് കേൾക്കുമ്പോൾ, 
പേരാമ്പ്ര എന്ന് ആരെങ്കിലും പറയുമ്പോൾ, 
സ്കൂളിന്റെ അവധി നീട്ടിക്കൊണ്ടുള്ള വാർത്തകൾ കേൾക്കുമ്പോൾ,
എല്ലാം പേടിയാണ് !!
 
അടുത്ത് നിൽക്കുന്നയാൾ ഒന്ന് ചുമച്ചാൽ, തുപ്പിയാൽ, പെട്ടെന്ന് എന്തെങ്കിലും പറഞ്ഞാൽ പേടിയാണ്, സംശയമാണ്, ദേഷ്യമാണ്.
 
മരിച്ച് ജീവിച്ച ദിവസങ്ങൾ.
 
ഇന്നലെ രാത്രി വൈറസ് സിനിമയുടെ ട്രെയ്‌ലർ കണ്ടപ്പോൾ എന്തൊക്കെയോ ഓർത്ത് പോയി..
ആ പതിനേഴ് പേർ. തിരിച്ച് കയറി വന്ന ആ ഒരാൾ, ലിനി സിസ്റ്റർ അടക്കമുള്ള ഞങ്ങടെ സുഹൃത്തുക്കളെ പരിപാലിച്ച നേഴ്‌സ്മാരും ഡോക്ടർമാരും. പിന്നെ എല്ലാം കൂട്ടിയിണക്കി കൊണ്ടു പോയ ശൈലജ ടീച്ചർ.
എല്ലാം കൂടെ മനസിൽ കയറി വന്നപ്പോൾ ആകെ വട്ടായി, വിഷമായി, കരച്ചിലായി.
 
വീണ്ടും വീണ്ടും യൂട്യൂബിൽ ട്രെയിലർ കാണാൻ തുടങ്ങി.
കൂടെയിരിക്കുന്നവരോടൊക്കെ പറഞ്ഞു,
 
"വൈറസ് മൂവിയുടെ ട്രെയ്‌ലർ കാണ്. അതിലെ അവസാന സീൻ ഇല്ലേ, സൗബിന്റെ. അത് സത്യാണ്. ഞങ്ങടെ കഥയാണ്. കാണ്. കാണ്"
 
ഇത് വായിക്കുന്നവരോടും അതേ പറയാനുള്ളൂ.. കാണ്...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇൻസ്പെക്ടർ ബൽ‌റാമിന് 28 വയസ്, രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച പോസ്റ്റർ; ആരും കാണിക്കാത്ത മാസ് !