മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. മലയാളത്തിൽ സിനിമ ചെയ്യണമെന്നത് തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്നും മോഹൻലാലുമൊത്ത് ഒരു സിനിമയ്ക്കായുള്ള ചർച്ചകൾ നടത്തിയിരുന്നുവെന്നും സംവിധായകൻ ഗൗതം മേനോൻ പറഞ്ഞു. തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗൗതം മേനോൻ ഇക്കാര്യം പറഞ്ഞത്.
'കരിയറിന്റെ എല്ലാ പോയിന്റിലും ഒരു മലയാള സിനിമ ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ലാൽ സാറിനെ ഒരു പ്രോജെക്റ്റിനായി മീറ്റ് ചെയ്തിരുന്നു. പൃഥ്വിരാജിനോട് ഒരു സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നു. ടൊവിനോയോടും സംസാരിച്ചിരുന്നു. ഞാൻ ഒരുപാട് മലയാളം സിനിമകൾ കാണുന്ന ആളാണ്. മലയാളം സിനിമകൾ കണ്ടാണ് ഞാൻ വളർന്നതും. അതുകൊണ്ട് എപ്പോഴും ഈ ഭാഷയുടെയും ഇൻഡസ്ട്രിയുടെയും ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു', ഗൗതം മേനോൻ പറഞ്ഞു.
മികച്ച പ്രതികരണമാണ് അഡ്വാൻസ് ബുക്കിങ്ങിൽ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന് ലഭിക്കുന്നത്. രാവിലെ 9.30 മുതലാണ് സിനിമയുടെ ആദ്യ ഷോ ആരംഭിക്കുന്നത്. വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്'.