മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമ റിലീസ് ആയെങ്കിലും ഇനിയും മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകൾ ചെയ്യണമെന്ന ആഗ്രഹത്തിലാണ് ജിവിഎം. വൺ 2 ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടിക്കൊപ്പം 10 സിനിമ കൂടി ചെയ്യണം എന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിയിൽ നിന്ന് നിരവധി കാര്യങ്ങൾ തനിക്ക് പഠിക്കാൻ കഴിഞ്ഞു. വർഷങ്ങളായി സിനിമയിൽ പ്രവർത്തിക്കുന്ന, ഏറെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് മമ്മൂട്ടി. ഒരു രംഗത്തെക്കുറിച്ച് പറയുമ്പോൾ അത്തരം രംഗങ്ങൾ നിരവധി തവണ ചെയ്തിട്ടുണ്ടാകാമെങ്കിൽ പോലും അതിനെക്കുറിച്ച് ചർച്ച ചെയ്ത ശേഷമായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക എന്ന് ഗൗതം മേനോൻ പറഞ്ഞു.
'മോഹൻലാലിനെ വെച്ചുള്ള സിനിമ ഉടൻ സംഭവിക്കുമോ?' എന്ന അവതാരകന്റെ ചോദ്യത്തിന് 'എനിക്ക് മമ്മൂക്കയെ വെച്ച് 10 സിനിമകൾ കൂടി ചെയ്യണം' എന്നായിരുന്നു ഗൗതമിന്റെ മറുപടി. ഒരു നടൻ ഒരു രംഗത്തിനായി എന്തൊക്കെ ചെയ്യുന്നു എന്നത് ഉൾപ്പടെ ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. നിരവധി സംവിധായകർക്കൊപ്പം സിനിമ ചെയ്ത വ്യക്തിയാണല്ലോ. നമ്മൾ ഒരു ഷോട്ട് പറയുമ്പോൾ 'ഇതൊക്കെ ഞാൻ കണ്ടതാണ്' എന്ന് പുള്ളിയുടെ മനസ്സിലുണ്ടാകാം. ക്യാമറ ദൂരെ നിന്ന് കാണുമ്പോൾ തന്നെ അത് എന്ത് ലെൻസാണ് എന്ന് അദ്ദേഹത്തിന് അറിയാം. പക്ഷേ ഒരിക്കൽ പോലും 'ഇത് മറ്റൊരു സിനിമ' എന്ന് അദ്ദേഹം ചിന്തിച്ചിട്ടില്ല. എല്ലാ ഷോട്ടുകളെക്കുറിച്ചും ചർച്ച ചെയ്യും. എന്നിട്ട് ഒരു ചെറിയ മാജിക് എല്ലാ ഷോട്ടിലും അദ്ദേഹം ചെയ്തിട്ട് പോകും,' ഗൗതം മേനോൻ പറഞ്ഞു.