'എന്നും നിന്റേത് മാത്രം': പ്രിയതമയ്ക്ക് സ്നേഹ മുത്തം നൽകി മോഹൻലാൽ
ഇരുവരുടെയും 37-ാം വിവാഹവാർഷികമാണ് ഇന്ന്.
മലയാളികളുടെ ഐഡിയല്‍ കപ്പിള്‍ ആണ് മോഹന്‍ലാലും സുചിത്രയും. ഇരുവരുടെയും 37-ാം വിവാഹവാർഷികമാണ് ഇന്ന്. 1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. ഇപ്പോഴിതാ സുചിത്രയ്ക്ക് ആശംസകളുമായെത്തിയ മോഹൻലാലിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുചിത്രയ്ക്ക് മുത്തം നൽകുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാകുന്നത്. 'വിവാഹ വാർഷിക ആശംസകൾ, പ്രിയപ്പെട്ട സുചി, എന്നും നിന്നോട് നന്ദിയുള്ളവൾ, എന്നും നിന്റെത് മാത്രം' എന്നും മോഹൻലാൽ എഴുതിയിട്ടുണ്ട്. നിരവധി ആളുകളാണ് ആശംസ അറിയിച്ച് രംഗത്ത് വരുന്നത്.
സിനിമാകുടുംബത്തിൽ നിന്നുള്ളയാളാണ് സുചിത്ര. അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. സുചിത്രയുമൊത്തുള്ള ജീവിതം താൻ സ്വപ്നം കണ്ടതിന് തുല്യമായിരുന്നുവെന്ന് മുൻപൊരിക്കൽ മോഹൻലാൽ തുറന്നു പറഞ്ഞിരുന്നു.
മോഹൻലാലിനെ കുറിച്ചും സുചിത്ര തുറന്നു സംസാരിച്ചു. മോഹന്‍ലാല്‍ എന്ന നടനെയാണ് ഞാന്‍ ആദ്യം കണ്ടത് എന്നായിരുന്നു അന്ന് സുചിത്ര പറഞ്ഞത്. 'നാടോടിക്കാറ്റ്', 'ബോയിങ്ങ് ബോയിങ്ങ്' തുടങ്ങിയ രസകരമായ സിനിമകള്‍ ഇറങ്ങിയ കാലമായിരുന്നു അത്. അവധിയ്ക്ക് നാട്ടിൽ വരുമ്പോഴാണ് ഞാൻ മലയാള സിനിമകൾ കണ്ടിരുന്നത്. അവയില്‍ മോഹന്‍ലാലിന്റെ അഭിനയം കണ്ട് ഞാനും നാട്ടിലെ തിയേറ്ററിലിരുന്ന് ഒരുപാട് മലയാളികള്‍ക്കൊപ്പം ചിരിച്ചു തളര്‍ന്നു. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയാണ് തനിയ്ക്ക് ഏറ്റവും ഇഷ്ടമായത്.
അങ്ങനെ മോഹൻലാൽ എന്ന നടനെ വല്ലാതെ എനിയ്ക്ക് ഇഷ്ടമായി. എന്നാൽ പ്രണയമൊന്നുമല്ല. സിനിമ കാണുന്ന ഏതൊരാൾക്കും തോന്നുന്ന ഇഷ്ടം മാത്രമായിരുന്നു അത്. പിന്നീട് അദ്ദേഹത്തിന്റെ എല്ലാ സിനിമകളും മുറതെറ്റിക്കാതെ ഞാൻ കാണുമായിരുന്നു', സുചിത്ര പറഞ്ഞു. മാതൃഭൂമി ഡോട്കോമിലൂടെയായിരുന്നു താരത്തിന്റ തുറന്നെഴുത്ത്.