Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അമിതമായ ലൈംഗിക ആസക്തിയുള്ളവളെന്നു വിളി, സാഡിസ്റ്റ് ആണയാൾ': ഹീരയുടെ വെളിപ്പെടുത്തൽ നടൻ അജിത്തിനെതിരെയോ?

നടൻ അജിത്തിനെതിരെയാണ് ഹീരയുടെ ഒളിയമ്പ് എന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ

Ajith-Shalini

നിഹാരിക കെ.എസ്

, ബുധന്‍, 30 ഏപ്രില്‍ 2025 (10:04 IST)
ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകളെക്കുറിച്ച് വെളിപ്പെടുത്തി നടി ഹീര രാജഗോപാൽ പങ്കുവെച്ച കുറിപ്പ് തമിഴകത്ത് കോളിളക്കം സൃഷ്ടിക്കുന്നു. 25 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച വ്യക്തി തന്നെ നിഷ്കരുണം വലിച്ചെറിഞ്ഞതിനുശേഷം സ്വഭാവഹത്യയും അപവാദപ്രചരണവും ആരംഭിക്കുകയും അദ്ദേഹത്തിന്റെ ആരാധകർ അതേറ്റെടുത്ത് സൈബർ ആക്രമണം നടത്തുകയും ചെയ്തതിനെ പിന്നാലെയാണ് താൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതെന്ന് ഹീര പറയുന്നു. 
 
തന്റെ വെബ്‌സൈറ്റിൽ പങ്കുവച്ച ബ്ലോഗിൽ 25 വർഷം മുൻപത്തെ തന്റെ പ്രണയത്തെ കുറിച്ച് ഹീര തുറന്നു പറയുന്നുണ്ടെങ്കിലും നടന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പ്രശസ്തനായ നടനെയായിരുന്നു താൻ സ്നേഹിച്ചിരുന്നതെന്ന് ഹീര പറയുമ്പോഴും അത് അജിത്തിനെയാണ് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. അയാൾക്ക് നട്ടെല്ലിൽ പരിക്കുപറ്റി കിടന്നപ്പോൾ രാപകലില്ലാതെ ആശുപത്രിയിൽ നിന്ന് ശുശ്രൂഷിച്ച തന്നെ ഒരു മയവുമില്ലാതെയാണ് തന്നെ ഉപേക്ഷിച്ച് പോയതെന്ന് ഹീര കുറ്റപ്പെടുത്തുന്നു.
 
നടൻ അജിത്തിനെതിരെയാണ് ഹീരയുടെ ഒളിയമ്പ് എന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. 2025 ജനുവരിയിലെ ആർക്കൈവ് ചെയ്ത ബ്ലോഗ് പോസ്റ്റ് ആണ് ഹീര ഇപ്പോൾ പങ്കുവച്ചത്. അജിത്തിന്റെയോ ശാലിനിയുടെയോ പേരെടുത്ത് പറയാതെയായിരുന്നു ഹീരയുടെ ആരോപണം. എന്നാൽ, ഹീരയുടെ വെളിപ്പെടുത്തൽ അജിത്തിനെയും ശാലിനിയെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് ഇവരുടെ ആരാധകർ വാദിച്ചു. 
 
ഹീരയുടെ കുറിപ്പിന്റെ പൂർണരൂപം; 
 
'25 വർഷങ്ങൾക്ക് മുമ്പ് ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ ഞാൻ സ്നേഹിച്ച നടനിൽ നിന്ന് വളരെ വലിയ സ്വഭാവഹത്യയാണ് നേരിട്ടത്. ഞാൻ വഞ്ചകിയും മയക്കുമരുന്നിന് അടിമയുമാണെന്നും മുദ്രകുത്തി പൊതുജനങ്ങൾക്കിടയിൽ എന്നെപ്പറ്റി വളരെ മോശമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നതിൽ അയാൾക്കും പങ്കുണ്ടായിരുന്നു. എന്റെ സ്നേഹം സ്വീകരിച്ച് ഞാൻ പിന്തുണച്ചു പ്രോത്സാഹിപ്പിച്ച ആൾ രാത്രി ഇരുണ്ടു വെളുത്തപ്പോൾ എങ്ങനെ ഒരു വില്ലനായി മാറിയെന്ന് എനിക്ക് മനസ്സിലായതേയില്ല.  
 
webdunia
നട്ടെല്ലിന് പരിക്കുപറ്റി ആശുപത്രിയിൽ ആയിരുന്ന അയാളെ രാപകലില്ലാതെ കിടക്കയ്ക്ക് അരികിലിരുന്ന് മലമൂത്രവിസർജനങ്ങൾ വരെ മാറ്റി പരിചരിച്ചവളാണ് ഞാൻ. അയാളാണ് പെട്ടെന്നൊരു ദിവസം ഒരു ആശയവിനിമയവുമില്ലാതെ എന്നെ പൂർണമായി ഒഴിവാക്കി മറഞ്ഞു കളഞ്ഞത്. ഈ നടന്റെ ബോധമില്ലാത്ത ഫാൻസ്‌ എനിക്കെതിരെ അപവാദപ്രചാരണവും അസഭ്യവർഷവും ചൊരിഞ്ഞ് എന്റെ അന്തസ്സിനെ ചോദ്യം ചെയ്ത് അപകീർത്തിപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് ഞാൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്.
 
ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത് ചെറുപ്പത്തിൽ എനിക്കുണ്ടായ ഒരു ബന്ധം പരാജയപ്പെട്ടതിലോ അല്ലെങ്കിൽ എന്റെ കാമുകൻ എന്നെ ഉപേക്ഷിച്ചു പോയതിനോ അല്ല. മറിച്ച് ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത എന്റെ കാമുകന്റെ ആരാധകർ എനിക്കെതിരെ അസഭ്യവർഷവും അപവാദപ്രചാരണവും നടത്തുന്നത് കണ്ടതിലുള്ള ഷോക്കിലാണ്. ഒരു സാഡിസ്റ്റായ അയാൾ എന്നെ കള്ളക്കേസിൽ കുടുക്കി. അമിതമായ ലൈംഗിക ആസക്തിയുള്ളവൾ, മാനസിക രോഗി, മദ്യപാനി തുടങ്ങി നിരവധി ആരോപണങ്ങൾ എനിക്കെതിരെ ഉന്നയിച്ചു. നിരന്തരം എന്നെ വേദനിപ്പിക്കുകയും അപവാദപ്രചരണങ്ങളുടെ ബലിയാടാക്കുകയും ചെയ്യുന്നത് സഹിക്കവയ്യാതെ വീണ്ടും ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു.
 
webdunia
എന്തിനാണ് എന്നോടിത് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ ക്രൂരമായ ചിരിയാണ് ആ നടനിൽ നിന്ന് ഉണ്ടായത്. അയാൾ എന്നോട് പറഞ്ഞു ‘‘വേലക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നു. ആരും അവളെ നോക്കില്ല, എനിക്ക് ഇഷ്ടമുള്ള ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം.’’ 
 
ജീവിതത്തിൽ ഇത്രയധികം വെല്ലുവിളികൾ നേരിട്ടിട്ടും ഞാൻ സത്യം മാത്രം മുറുകെപ്പിടിച്ചു. വളരെ വിജയിച്ചു നിന്ന ഒരു പബ്ലിക് ഫിഗർ ആയ എനിക്ക് പോലും ഇതൊന്നും സഹിക്കാൻ കഴിഞ്ഞില്ല. ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് ഊറ്റംകൊള്ളുന്ന സമൂഹവും സോഷ്യൽ മീഡിയയും അയാളുടെ ആരാധകരും മീഡിയയും ഉൾപ്പടെ അയാൾക്കൊപ്പം നിന്ന് എനിക്കെതിരെ അപവാദപ്രചരണം നടത്തി. കുട്ടിക്കാലം മുതൽ ഞാൻ പലതും അതിജീവിച്ചു വന്നതാണ്, അതെന്റെ ഉത്തരവാദിത്തമാണ്. 
 
webdunia
അജിത്തും ഹീരയും നായിക-നായകന്മാരായി അഭിനയിച്ച കാതൽ കോട്ടൈ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഹീരയുടെ അമ്മയുടെ എതിർപ്പാണ് ഈ ബന്ധം മുന്നോട്ട് പോകാത്തതിന് കാരണമെന്നാണ് റിപ്പോർട്ട്. രണ്ട് വർഷത്തോളം ഇവർ പ്രണയിച്ചു. 1996 ൽ ആരംഭിച്ച പ്രണയം 1998 ൽ അവസാനിച്ചു. ഹീരയുമായി ബന്ധം വേർപെടുത്തിയതിനെ കുറിച്ച് അന്ന് അജിത്ത് മാധ്യമങ്ങളിൽ തുറന്നു പറയുകയും ചെയ്തിരുന്നു.
 
'ഞങ്ങൾ ഒരുമിച്ച് ജീവിച്ചു, എനിക്ക് അവളെ ശരിക്കും ഇഷ്ടപ്പെട്ടു, പക്ഷേ ഇപ്പോൾ എല്ലാം മാറി; അവൾ പഴയ ആളല്ല. വാസ്തവത്തിൽ, അവൾ ഒരു മയക്കുമരുന്നിന് അടിമയാണ്', എന്നായിരുന്നു അജിത്ത് പറഞ്ഞത്.
 
അജിത്തിന്റെ ആരോപണങ്ങൾക്കൊന്നും ഹീര അന്ന് മറുപടി നൽകിയിരുന്നില്ല. അജിത്തുമായുള്ള പ്രണയപരാജയത്തിന് പിന്നാലെ ഹീര സിനിമ വിട്ടു. നടന്റെ 'മയക്കുമരുന്ന്' പ്രസ്താവന തന്റെ പ്രശസ്തിക്ക് കോട്ടം തട്ടിയെന്നും താൻ മയക്കുമരുന്നിന് അടിമ ആണെന്നുമുള്ള അദ്ദേഹത്തിന്റെ വാദം സത്യമല്ലെന്നും ഹീര അവകാശപ്പെട്ടു. നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്തുവെന്ന നടന്റെ വാദം നുണയാണെന്നും തന്റെ സിനിമാ എതിരാളിയുടെ മേൽ ആധിപത്യം നേടാനും വേണ്ടി ആരാധകരുടെ സഹതാപം നേടാനും വേണ്ടി ആസൂത്രണം ചെയ്തതാണെന്നും ഹീര ആരോപിക്കുന്നുണ്ട്.
 
webdunia
Heera Rajagopal
ഹീരയുമായുള്ള ബ്രേക്കപ്പിന് ശേഷം, അജിത്ത് ശാലിനിയുടെ പ്രണയത്തിലായി. അമർക്കളം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ആയിരുന്നു ഇവരുടെ പ്രണയം തുടങ്ങിയത്. 2000 ഏപ്രിലിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇരുവർക്കും രണ്ട് മക്കളുണ്ട്. അജിത്തുമായുള്ള വിവാഹത്തിന് ശേഷം ശാലിനി സിനിമയിൽ സജീവമല്ല.
 
അതേസമയം, ഹീരയുടേതെന്ന തരത്തിലുള്ള ബ്ലോഗ് പുറത്തുവന്നതോടെ അജിത്ത് ആരാധകർ അസ്വസ്ഥരാണ്. ഇത് വെറും കെട്ടുകഥകളാണെന്ന തരത്തിലും പ്രചരണമുണ്ട്. നടനെ മനഃപൂർവ്വം കരിവാരി തേക്കുക എന്ന ലക്ഷ്യത്തോടെ ചിലർ പ്രവർത്തിച്ചതാണെന്നും കഥകളുണ്ട്. മാത്രമല്ല ഹീരയുടെ അക്കൌണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും നിലവിൽ അത് പ്രവർത്തിക്കുന്നില്ലെന്നും അജിത്ത് ആരാധകർ ചൂണ്ടിക്കാട്ടുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ശാലിനി ഒരുപാട് ആരാധകരുള്ള നടിയായിരുന്നു, അതിപ്രശസ്തയായിരുന്നു': ഭാര്യയെ കുറിച്ച് വാചാലനായി അജിത്