മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലെ എംപുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ സിനിമ പ്രേക്ഷകനും. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. എംപുരാൻ പ്രീ റിലീസ് പ്രൊമോഷന്റെ തിരക്കുകളിലാണിപ്പോൾ സംവിധായകനും നടനുമായ പൃഥ്വിരാജ്. മാർച്ച് 27 നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ടീസറും തരംഗമായി മാറിയിരുന്നു.
അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ ലൂസിഫർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്താൽ നായക വേഷത്തിൽ ആരെയായിരിക്കും പരിഗണിക്കുക എന്ന ചോദ്യത്തിന് പൃഥ്വിരാജ് പറഞ്ഞ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട ബോളിവുഡ് നടൻ അമിതാഭ് ബച്ചനാണെങ്കിലും ലൂസിഫറിന്റെ ഹിന്ദി റീമേക്കിൽ ഷാരുഖ് ഖാനെ ആയിരിക്കും നായകനായി താൻ തിരഞ്ഞെടുക്കുക എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
2019 ൽ ലൂസിഫർ ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും എന്നാൽ കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ സിനിമ വ്യവസായത്തിൽ സംഭവിച്ച മാറ്റമാണ് ഇപ്പോൾ എംപുരാൻ അഞ്ച് ഭാഷകളിൽ എടുക്കാൻ കാരണമായതെന്നും പൃഥ്വിരാജ് പറഞ്ഞു. 200 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രമാണോ ലൂസിഫർ എന്ന അവതാരകയുടെ ചോദ്യത്തിന് തനിക്കറിയില്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി.