ജയറാം ഇനി അച്ഛന്‍ വേഷങ്ങളിലേക്ക്?

തിങ്കള്‍, 28 മെയ് 2018 (16:58 IST)
മലയാളത്തിന്‍റെ പ്രിയനടന്‍ ജയറാമിന് ഒരു ഹിറ്റ് ചിത്രം കിട്ടിയിട്ട് ഏറെക്കാലമായി. വര്‍ഷങ്ങളായി ജയറാമിന്‍റെ സിനിമകള്‍ പരാജയം അനുഭവിക്കുകയാണ്. ഒരേ അച്ചില്‍ വാര്‍ത്ത കഥകളും തിരക്കഥകളുമാണ് ജയറാം ചിത്രങ്ങളുടെ പരാജയത്തിന് കാരണമായത്.
 
ഒരു നായകനെന്ന നിലയില്‍ ഒറ്റയ്ക്ക് സിനിമകള്‍ വിജയിപ്പിക്കാന്‍ ജയറാമിന് ഇനി കഴിയുമോയെന്ന് സംവിധായകരും നിര്‍മ്മാതാക്കളും ചോദിച്ചുതുടങ്ങിയിരിക്കുന്നു. സത്യന്‍ അന്തിക്കാടിനെപ്പോലെ ജയറാമിനെ വച്ച് ഹിറ്റുകള്‍ തീര്‍ത്തിരുന്ന സംവിധായകരും ഇപ്പോള്‍ യുവതാരങ്ങളെയാണ് തങ്ങളുടെ സിനിമകളില്‍ ഒപ്പം കൂട്ടുന്നത്.
 
ജയറാം പതിയെ അച്ഛന്‍ കഥാപാത്രങ്ങളിലേക്ക് കടക്കുന്നതിന്‍റെ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. തമിഴില്‍ ഉദയാനിധി സ്റ്റാലിന്‍റെ അച്ഛനായി ഒരു സിനിമയില്‍ വേഷമിടാനൊരുങ്ങുകയാണ് ജയറാം.
 
നവാഗതനായ എനോക് ആബേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഉദയാനിധിയുടെ പിതാവായി ജയറാം എത്തുന്നത്. ഇതൊരു റൊമാന്‍റിക് കോമഡിച്ചിത്രമാണ്. പ്രിയ ഭവാനി ശങ്കറും ഇന്ദുജയുമാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
എന്നാല്‍ അച്ഛന്‍ വേഷങ്ങളിലെത്താനുള്ള തീരുമാനം ജയറാം എടുത്തിരിക്കുന്നത് തമിഴില്‍ മാത്രമാണോ എന്നതില്‍ വ്യക്തതയില്ല. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മോഹന്‍ലാലിന്‍റെ ലൂസിഫറിന് ശേഷം മുരളി ഗോപിയുടെ തിരക്കഥ മമ്മൂട്ടിക്ക് ?