Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇതിലും ഭേദം 500 വെടിയുണ്ടകൾ ഒറ്റക്ക് തട്ടി കളയുന്ന രജനികാന്ത് തന്നെ’ - ജോസഫിനെതിരെ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ഇതു കൊടും ക്രൂരതയാണ്, ആ മോഹൻലാൽ ചിത്രവും ഇതുതന്നെയാണ് പറഞ്ഞത്...

‘ഇതിലും ഭേദം 500 വെടിയുണ്ടകൾ ഒറ്റക്ക് തട്ടി കളയുന്ന രജനികാന്ത് തന്നെ’ - ജോസഫിനെതിരെ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
, വെള്ളി, 23 നവം‌ബര്‍ 2018 (11:44 IST)
ജോസഫ് സിനിമയ്ക്കെതിരെ ‍ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ചിത്രം മരണാനന്തര അവയവദാനത്തെക്കുറിച്ച് തെറ്റായ സന്ദേശം പരത്തുന്നു എന്നതാണ് പരാതി. ഐഎംഎ സെക്രട്ടറി ഡോ. സുൾഫി നൂഹു ആണ് ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. 
 
ഡോ. സുൾഫി നൂഹുന്റെ കുറിപ്പ്:
 
നിര്‍ണയവും ബെന്യാമിനും , പിന്നെ ജോസഫും 
 
ജോസഫ് സിനിമ കണ്ടു. ഇതു കൊടും ക്രൂരതയാണ്. അവയവദാനവും പുതു ജീവനും പ്രതീക്ഷിച്ച് കഴിയുന്ന പതിനായിരക്കണക്കിന് നിത്യ രോഗികളെയും അവരുടെ കുടുംബങ്ങളേയും വെട്ടി നുറുക്കി പച്ചയ്ക്കു തിന്നുന്ന കൊടും ക്രൂരത.
 
ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞ് എന്നെ പിച്ചിചീന്താന്‍ വരുന്നവര്‍ അവിടെ നിൽക്കട്ടെ ഒരു നിമിഷം. ആവിഷ്‌കാര സ്വാതന്ത്ര്യം നോവലിസ്റ്റിനും , സംവിധായകനും, കഥാകൃത്തിനും, എനിക്കും നിങ്ങള്‍ക്കും ഒരു പോലെയാണ്. സംവിധായകനോ, നോവലിസ്റ്റിനോ മാത്രം ഒതുങ്ങുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ത്യാ മഹാരാജ്യത്തില്‍ നിലനില്‍ക്കുന്നില്ല.
 
വളരെ മുന്‍പ് നിര്‍ണയം എന്ന മോഹല്‍ലാല്‍ ചിത്രം കേരളത്തില്‍ ഉടനീളം വന്‍ കലക്‌ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചത് നാം മറന്ന് കാണില്ല. അന്ന് ആ മോഹന്‍ലാല്‍ ചിത്രം പറഞ്ഞ കഥ മറ്റൊരു ഇംഗ്ലിഷ് നോവലിനെ അവലംബിച്ചായിരുന്നു. 
 
രോഗിയുടെ സമ്മതമില്ലാതെ രോഗിയെ ഓപ്പറേഷന്‍ ചെയ്ത് കിഡ്‌നിയും മറ്റ് അവയവങ്ങളും മോഷ്ടിച്ച് അവയവ ദാന കച്ചവടം നടത്തുന്ന വില്ലനെതിരെ പടപൊരുതുന്ന ഡോക്ടറുടെ കഥ. കലാ സൃഷ്ടിയുടെ സത്യസന്ധത അവിടെ നില്‍ക്കട്ടെ. കഥയില്‍ പറഞ്ഞിരിക്കുന്ന അവയവ മോഷണം എങ്ങനെ എവിടെവെച്ച് നടത്താമെന്ന് കൂടി പറഞ്ഞ് തന്നാല്‍ കൊള്ളാമായിരുന്നു.
 
നിര്‍ണയം സിനിമയില്‍ നിന്നും ബെന്യാമിനിലേക്ക് എത്തുമ്പോള്‍ സുവിശേഷ പ്രസംഗക്കാരുടെ അസുവിശേഷ വിശേഷങ്ങള്‍ പറയുന്നതിനോടൊപ്പം പ്രിയങ്കരനായി നോവലിസ്റ്റ് വരച്ച് വെക്കുന്ന സ്‌കൂട്ടര്‍ ഇടിച്ച് കൊന്ന് അവയവം മോഷ്ടിക്കുന്ന കഥ അവയവ ദാനത്തിന്റെ കടക്കല്‍ കത്തി വെക്കുകയാണ്.
 
ഇനി ജോസഫ്, സിനിമ കള്ളങ്ങൾ കൂട്ടിയിണക്കിയ ഒരു വലിയ കള്ളം. അശാസ്ത്രീയത മുഴച്ചു നിലനില്‍ക്കുന്ന തട്ടിപ്പ് സിനിമ. മകളുടെ ഹൃദയം മറ്റൊരു കുട്ടിയിൽ അവയവ ദാനത്തിനു ശേഷം സ്പന്ദിക്കുന്നത് ശ്രദ്ധിക്കാതെ പോകുന്ന നായകൻ, ഹൃദയം മറ്റൊരു ശരീരത്തിലേയ്ക്കു മാറ്റിവച്ചു എന്നു കള്ള രേഖയുണ്ടാക്കുന്ന ആശുപത്രി, വിദേശികൾക്ക് അവയവം കൊടുക്കുന്ന സർക്കാർ പദ്ധതി, ചുറ്റിക കൊണ്ടടിക്കുന്നത് റോഡപകടം ആക്കുന്ന പോസ്റ്റ്മോർടം റിപ്പോർട്ട് ഉള്ള കഥ. എന്തെല്ലാം കാണണം. ഇതിനേക്കാൾ 500 വെടിയുണ്ടകൾ ഒറ്റക്ക് തട്ടി കളയുന്ന രജനികാന്ത് എന്തു ഭേദം.
 
ഇനി കുറച്ച് കണക്കുകള്‍ , കേരളത്തില്‍ അവയവദാനം കാത്ത് സര്‍ക്കാര്‍ ഏജന്‍സിയായ കെഎന്‍ഒഎസില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 2000 പേര്‍, ഒരു മൂവായിരം പേര്‍ എങ്കിലും കേരളത്തില്‍ ഇത് നടക്കില്ല എന്ന് കരുതി മറ്റ് സംസ്ഥാനങ്ങളില്‍ പോകാനോ, മറ്റ് രാജ്യങ്ങളിലോ പോകാനോ കാത്തിരിക്കുന്നവരുമുണ്ട്. ഇതൊന്നും വേണ്ട തല്‍ക്കാലം ഡയാലിസിസോ മറ്റ് മരുന്നുകളോ കൊണ്ടോ ജീവിതം തള്ളി നീക്കാമെന്നും ആര്‍ക്കും ഒരു പ്രാരാപ്ധവും ആകണ്ട എന്ന് കരുതുന്നവരും ആയിരങ്ങള്‍ വരും. 
 
അങ്ങനെ ആയിരക്കണക്കിന് ആളുകള്‍ ദിനം പ്രതി മരണവക്കിലെടുക്കുന്നത് കേരളം വീണ്ടും വീണ്ടും കണ്ണ് തുറന്ന് കാണേണ്ടതാണ് ജോസഫും, ബെന്യാമിനും, നിര്‍ണയവും ഒക്കെ കൂടി കൊലയ്ക്കു കൊടുക്കുന്ന ഈ പാവം ജീവിതങ്ങളെ .
 
2017 ലും 18 ലും നടന്ന അവയവ ദാന ശസ്ത്രക്രിയകള്‍ വിരലില്‍ എണ്ണാവുന്ന മൂന്നോ നാലോ മാത്രമാണ്. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവയവദാന പദ്ധതി വന്‍ മുന്നേറ്റമാണ് നടത്തിയത്. രക്ഷിച്ചത് ആയിരക്കണക്കിന് ജീവനുകളെയും മസ്തിഷ്ക മരണം സ്ഥിരീകരിക്കുവാൻ മറ്റു സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും ഉള്ളത് പോലെ കൂടുതൽ ലളിതമായ സംവിധാനം ഉണ്ടാകണം.
 
അവയവ ദാനം സർക്കാർ ലിസ്റ്റിൽ സീനിയോറിറ്റി അനുസരിച്ചു മാത്രം നൽകണം. വിഡിയോ റെക്കോഡിങ് രണ്ടാം തവണ മസ്‌തിഷ്‌ക്ക മരണം സ്ഥിരീകരിക്കുവാന്‍ ടെസ്റ്റ് ചെയ്യുമ്പോൾ നിർബന്ധം ആക്കാം. അവയവദാനപ്രക്രിയക്കു ഉപദേശക സമിതി നിയമ പ്രകാരം നിലവിൽ വരണം . ഇപ്പോഴത്തെ തടസ്സങ്ങൾ മാറ്റാൻ മാർഗങ്ങൾ നിരവധി.
 
അതിനിടയിൽ ചില ജോസഫ് ' മാരുടെ സ്ഥാനം ചവറ്റുകുട്ടയിൽ. മലയാളി എന്നും ആർജവം ഉള്ളവർ ....ഈ തട്ട് പൊളിപ്പൻ ജോസഫിനെ ഒരു മൂന്നാംകിട നേരം കൊല്ലിയായി മാത്രം മലയാളി കാണും .നമുക്ക് തിരിച്ചു നൽകേണ്ടത് അവയവദാനം കാത്തു കഴിയുന്ന ആയിരക്കണക്കിന് ജീവനുകൾ.
 
വാൽ കഷ്ണം: ലൈവ് ഡോണർ എന്നാൽ ജീവിച്ചിരിക്കുന്ന ആൾ മറ്റൊരാൾക്ക് അവയവം ദാനം ചെയ്യുന്ന ആൾ. കടവർ ഡോണർ അഥവാ ഡിസീസ്ഡ് ഡോണർ എന്നാൽ ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ച ശരീരത്തിൽ നിന്നും അവയവം നൽകുന്നത്. രണ്ടും രണ്ടാണ്. 
 
ആദ്യ പ്രക്രിയ അഴിമതിയിൽ മുങ്ങിത്താണു. ലോകമെമ്പാടും.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രണ്ടാം പ്രക്രിയ നിലനിർത്താനും കൂടുതൽ വളർത്താനും പ്രതിജ്ഞാബദ്ധം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാധകരെ നിരാശയിലാഴ്‌ത്താൻ ദിലീപിന് കഴിയില്ല; ബാലൻ വക്കീൽ ജനുവരിയിലെത്തും