Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാൽ അതിഥിയായി വരണ്ട: ജോയ് മാത്യു

ഭീമനായി അഭിനയിക്കുന്ന മോഹൻലാലിനെതിരെ ഭീമഹർജിയോ?

മോഹൻലാൽ അതിഥിയായി വരണ്ട: ജോയ് മാത്യു
, ബുധന്‍, 25 ജൂലൈ 2018 (12:12 IST)
ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ മോഹൻലാൽ അതിഥിയായി വരുന്നതുമായി ബന്ധപ്പെട്ട് വൻ വിവാദമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുമെന്ന് മോഹൻലാലും ക്ഷണിക്കുമെന്ന് സാംസ്കാരിക മന്ത്രിയും ഉറപ്പിച്ചതോടെ എതിർപ്പുമായി വന്നവർക്ക് മിണ്ടാട്ടം മുട്ടിയ അവസ്ഥയായി. ഇപ്പോഴിതാ, വിഷയത്തിൽ ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കേണ്ട എന്ന പക്ഷക്കാരനാണ് താനെന്ന് നടൻ ജോയ് മാത്യുവും വെളിപ്പെടുത്തുന്നു.
 
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഭീമനായി അഭിനയിക്കുന്ന മോഹൻലാലിനെതിരെ ഭീമഹർജിയോ ?
 
ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ മോഹൻലാൽ അതിഥിയായി വരരുത് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. അത് നൂറുപേർ ഒപ്പിട്ട ഭീമഹർജിയുടെ പേരിലല്ല. അവാർഡ് ചടങ്ങ് എന്ന സർക്കാർ ധൂർത്തിന്റെ ഭാഗമാകേണ്ട ഒരാളല്ല മോഹൻലാൽ എന്ന അഭിനേതാവ്.
 
മോഹൻലാൽ വന്നാൽ നാലാള് കൂടുകയും അങ്ങനെ നഷ്ടത്തിലോടുന്ന നമ്മുടെ സർക്കാർ വണ്ടിക്ക് അത് അൽപം ഇന്ധനമാവും എന്നേ ശുദ്ധഹൃദയനായ മന്ത്രി ബാലൻ ഉദ്ദേശിച്ചുകാണൂ.
 
എന്നാൽ ഭീമഹർജിക്കാർ വിപ്ലവകരമായി ചിന്തിക്കുന്നവരാണ്. അനാവശ്യമായ സർക്കാർ ധൂർത്തിനു അവർ എതിരാണ് , ലളിതമായ ഒരു ചടങ്ങ്, ഒരു ചാവ് അടിയന്തിരമൊക്കെപ്പോലെ സിനിമാ അവാർഡ് നടത്തിയാൽപ്പോരേ എന്നായിരിക്കാം ഭീമഹർജിക്കാർ ഉദ്ദേശിച്ചത്.
 
അത് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ ഭീമഹർജിയിൽ ഒപ്പിടാൻ എന്നെ ആരും ക്ഷണിച്ചില്ല. ഇപ്പോൾ കേൾക്കുന്നു ഒപ്പ് വെച്ചു എന്ന് പറയുന്ന പ്രകാശ് രാജ് അങ്ങനെയൊരു കാര്യം അറിഞ്ഞിട്ടേയില്ലത്രെ. 
 
മോഹൻലാലിന്റെ ഡേറ്റ്‌ കിട്ടാത്തവരുടെ സംഘത്തിൽ ഞാൻ പെടില്ല എന്നതായിരിക്കാം ചിലപ്പോൾ എന്നെ ഭീമഹർജിൽ ഒപ്പിടാൻ വിളിക്കാതിരുന്നതിന്റെ ഗുട്ടൻസ്. ഏതായാലും അവാർഡ് അടിയന്തിരത്തിന്റെ ഗുണദോഷങ്ങൾ ചർച്ചചെയ്യാൻ മോഹൻലാൽ നിമിത്തമായി എന്നത് തന്നെയാണ് മോഹൻലാൽ എന്ന അഭിനേതാവിനു കിട്ടാവുന്ന വലിയ ബഹുമതി.
 
പുരസ്കാരങ്ങളാൽ ഓർമ്മിക്കപ്പെടേണ്ടവരല്ല കലാകാരന്മാർ. മോഹൻലാലിന് എന്തൊക്കെ അവാർഡ് കിട്ടി എന്ന് എത്രപേർക്കറിയാം ? (എനിക്ക് പോലും ഒരു കൃത്യമായ കണക്ക് പറയാനാവില്ല )കാരണം അവാർഡിന്റെ പെരുമയിലല്ല അദ്ദേഹം അഭിരമിക്കുന്നത് എന്നതാണ്.
 
സത്യത്തിൽ സിനിമാക്കാർക്ക് എന്തിനാണ് അവാർഡ് ? അതും ഒരു താരനിശാ പരിവേഷത്തിൽ? അതൊക്കെ മുതലാളിത്ത ലൈനല്ലേ ബാലൻ സാർ ? കേരളത്തിലെ മികച്ച ഒരു തൊഴിലാളിയെക്കാളും ഒരു കർഷകനെക്കാളും നാടിന് ഗുണം ചെയ്യുന്ന വ്യവസായിക്കാളും അല്ലെങ്കിൽ ഒരു മികച്ച അധ്യാപകനേക്കാളും അതുമല്ലെങ്കിൽ എട്ടും പത്തും മണിക്കൂർ വെയിലത്തും മഴയത്തും ഇരിക്കാൻ പോലുമാകാതെ ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാരനെക്കാളും വലുതാണോ സിനിമാക്കാർ ? (ഇപ്പറഞ്ഞതിന്റെ പകുതി ക്രഡിറ്റ് മുൻ ഡി ജി പി സെൻകുമാറിന് കൊടുക്കുന്നു)
 
മുകളിൽ സൂചിപ്പിച്ച ഗണത്തിൽപ്പെട്ടവർക്ക് അവാർഡ് നൽകുമ്പോൾ അതൊരു സാദാ ചടങ്ങ് മാത്രമായി ചുരുണ്ടുപോകുന്നിടത്തതാണ്സി നിമാക്കാർക്ക് മാത്രമായി ഒരു സ്‌പെഷ്യൽ സദ്യ. വിപ്ലവ ഗവൺമെന്റ് പോലും ഇങ്ങനെയായാൽ നമുക്കിനി ആരെയാ പ്രതീക്ഷിക്കാനുള്ളത് ?
 
ഒരു സാധാരണ തൊഴിലാളിയെക്കാളും ഒരു കർഷകനെക്കാളും വലുതാണോ സിനിമാക്കാരൻ ? അല്ല എന്ന് തന്നെയാണ് എന്റെ ഉത്തരം . ഭീമഹർജിക്കാർപ്പോലും ഇക്കാര്യത്തിലെങ്കിലും എന്നോട് യോജിക്കാതിരിക്കില്ല .മുഖ്യമന്ത്രിയുടെ ആപ്പീസിലോ നിയമസഭാ ഹാളിലോ വിളിച്ച് വരുത്തി അർഹതപ്പെട്ടവർക്ക് അവാർഡുകൾ നൽകി ആദരിച്ചാൽ നഷ്ടത്തിലോടുന്ന സർക്കാരിന് വൻതുക ലാഭിക്കാം , സംഭവത്തിനു ലഭിക്കുന്ന അന്തസ്സിന്റെ ലവൾ തന്നെ മാറിപ്പോകില്ലേ ?.
 
അവാർഡ് ലഭിച്ചവർ അവർക്ക് കിട്ടിയ തുക കുട്ടനാടൻ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്കോ, മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കോ നൽകി മാതൃക കാണിക്കണമെന്നൊന്നും ഞാൻ പറയില്ല .അതൊക്കെ അവരവരുടെ ഇഷ്ടം. കാശ് കിട്ടിയാൽ ആവശ്യമില്ലാത്തവർ ആരെങ്കിലും ഉണ്ടാവുമോ? ( ഞാൻ മാതൃകാ കാണിക്കണം എന്ന് കരുതിയിരുന്നതാ. പക്ഷെ അവാർഡ് കിട്ടിയില്ല )
 
പ്രശസ്ത പോളണ്ട് (പോളണ്ടിനെക്കുറിച്ച് തന്നെ പറയും ) സംവിധായകൻ ആന്ദ്രേ വൈദയുടെ Man of the Marble എന്നൊരു സിനിമയുണ്ട് . വിപ്ലവാനന്തര പോളണ്ടിലെ ഗവൺമെന്റ് അവിടെ ആദ്യം അവാർഡ് നടപ്പാക്കിയത് സിനിമാക്കാർക്കല്ല തൊഴിലാളികൾക്കാണ് .
 
ഏറ്റവും കൂടുതൽ ഇഷ്ടിക പാകുന്ന ബിർക്കുത്ത് എന്ന തൊഴിലാളിക്കാണ്‌ ആ വർഷത്തെ അവാർഡ്. അയാളെ കേന്ദ്രീകരിച്ചാണ് സിനിമയും. അത് ഒരു ഒന്നൊന്നൊരു സിനിമയാണെന്ന് ഏത് ഭീമഹർജിക്കാരനും സമ്മതിക്കും. 
 
നമ്മുടെ നാട്ടിൽ ഇനിയും വിപ്ലവം വരാത്തതുകൊണ്ടും ഇഷ്ടിക പണിക്കാർ ഇപ്പോൾ ഇതര സംസ്ഥാനക്കാരായതിനാലും നമുക്ക് അത് വേണ്ടെന്ന് വെക്കാം.എന്നാലും എഴുപതുകളിൽ നിർമ്മിച്ച ആ സിനിമ ഇപ്പോഴും ഓർക്കുന്നത് കാലം ഏറെ മാറിയിട്ടും മനസ്സുകൊണ്ടും ജീവിതം കൊണ്ടും മാറാൻ കൂട്ടാക്കാത്ത നമ്മൾ മല്ലൂസിനെക്കുറിച്ചോർത്തതാണ് .
 
ഇനി അവാർഡിന്റെ പിന്നാപുറങ്ങളിലേക്ക് വന്നു നോക്കാം. ആരാണ് അവാർഡ് നൽകുന്നത്? അതാത് കാലത്തെ ഗവൺമെന്റ് .അപ്പോൾ അവാർഡ് കമ്മിറ്റിയിൽ ആരൊക്കെയാണ് ഉണ്ടാവുക ? സ്വാഭാവികമായും ഭരിക്കുന്ന ഗവർമ്മെന്റിനു ഓശാന പാടുന്നവർ. അവർക്ക് ഇഷ്ടമുള്ളവർക്ക് അവാർഡ് കൊടുക്കുന്നു. 
 
ഇഷ്ടമില്ലാത്തവരെ,അതിലെ സംവിധായകർക്ക് ഡേറ്റ് കൊടുക്കാത്തവരെ, മുൻ അവാർഡ് കമ്മിറ്റിയിൽ ഉണ്ടായിട്ടും തങ്ങൾക്ക് അവാർഡ് തരാതിരുന്നവരെ ,ഇവരോടോക്കെയുള്ള പ്രതികാരം തീർക്കുവാനുള്ള ഒരവസരം കൂടിയായിട്ടാണ് അവാർഡ് കമ്മിറ്റികൾ ഉണ്ടാവുന്നത് .ഇപ്പോൾ മനസ്സിലായല്ലോ അവാർഡ് കമ്മിറ്റികൾ ഉണ്ടാവുന്നതിന്റെയും അവർ നിർവഹിക്കുന്ന ധർമ്മത്തിന്റെയും പൊരുൾ .
 
സിനിമ ഒരു വ്യവസായമാണ് (സിനിമ ഒരു കലാപ്രവർത്തനം കൂടിയാണ് എന്നതും മറക്കുന്നില്ല )എന്ന് ഗവൺമെന്റ് തന്നെ പറയുന്നു .ആ വ്യവസായത്തിലെ പല ഘടകങ്ങളിൽ ഒന്നുമാത്രമാണ് അഭിനേതാക്കൾ . അഭിനയിക്കുന്നതിന് അവർക്ക് മോശമല്ലാത്ത പ്രതിഫലം കിട്ടുന്നുമുണ്ട് ,പിന്നെയും ഒരു അവാർഡ് തുക ആവശ്യമുണ്ടോ എന്നാദ്യം ചിന്തിക്കുക.
 
അതാത് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും ആദരവും ലഭിക്കുകതന്നെ വേണം .അല്ലാതെ അത് ഭരിക്കുന്നവനെയും അവർ നിയമിച്ച അവരുടെ ആജ്ഞാനുവർത്തികൾക്കും ഓശാന പാടിയും സുഖിപ്പിച്ചുമല്ല സംഘടിപ്പിക്കേണ്ടത് . 
 
സംസഥാന ചലച്ചിത്ര അവാർഡ് നിർണ്ണയം എല്ലാകാലത്തും വിവാദമാകുന്നത് ഇതുകൊണ്ടാണ് . ഇപ്പറഞ്ഞതിൽ നിന്നും സിനിമ അവാർഡുകൾ എത്രമാത്രം പക്ഷപാതപരമായിരിക്കും എന്ന് വ്യക്തമായല്ലോ .എന്നാൽ സിനിമാക്കാർക്കു അവാർഡ് കൊടുക്കരുത് എന്നല്ല പറഞ്ഞു വരുന്നത്. കാലം മാറിയിട്ടും മുമ്പുള്ളവർ തുടങ്ങിവെച്ചതും കാലാകാലങ്ങളായി തുടർന്ന് വരുന്നതുമായ രീതികൾ മാറ്റാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ നമ്മളും മുമ്പുള്ളവരും തമ്മിൽ എന്താണ് വ്യത്യാസം എന്ന് ഈ ഗവൺമെന്റെങ്കിലും ആലോചിക്കേണ്ടതല്ലേ ? 
 
കാര്യങ്ങൾ സുതാര്യമായിരിക്കുമ്പോഴാണ് അതിനു മാറ്റ് കൂടുക .അവാർഡ് കമ്മിറ്റി എന്നൊക്കെയുള്ളത് ഒരു ബൂർഷ്വാ/മുതലാളിത്ത (അത്തരം വാക്കുകളൊക്കെ ഇപ്പൊ മാർക്കറ്റിൽ കിട്ടാനില്ലത്രെ) ഉൽപ്പന്നമാണ്.
 
സാഹിത്യത്തിലെ ഏറ്റവും വലിയ പുരസ്കാരമായ സ്വീഡിഷ് അക്കാദമി നൽകുന്ന നോബൽ സമ്മാനത്തിന്റ മൂല്യം മറ്റൊരു സാഹിത്യ പുരസ്കാരത്തിനും ഇല്ല എന്നോർക്കുക .അത്രത്തോളമൊന്നും നമുക്ക് പോകാനാകില്ലെങ്കിലും.ശാസ്ത്രം വളർന്ന സ്ഥിതിക്കും ജനങ്ങൾ സാക്ഷരരായ സ്ഥിതിക്കും നമ്മുടെ പഴഞ്ചൻ രീതികളിൽ നിന്നും ഒന്ന് മാറി നടക്കാൻ ശ്രമിക്കേണ്ട ?
 
അന്തർദേശീയ നിലവാരത്തിൽ നടത്തപ്പെടുന്ന ഒന്നാണ് നമ്മുടെ തലസ്ഥാനത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവൽ .രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നും സിനിമയെ സ്നേഹിക്കുന്ന ഒട്ടനവധി പേര് ഊണും ഉറക്കവും ഉപേക്ഷിച്ച് അവധിയെടുത്തതും യാത്രാപ്പടി കടം വാങ്ങിയും ലോകത്തിലെ മികച്ച സിനിമകൾ കാണാൻ വരുന്നു.
 
ഇങ്ങിനെ തുടർച്ചയായി മൂന്ന് വർഷമെങ്കിലും വരുന്ന ഡെലിഗേറ്റസിനെക്കാളും മികച്ച ജൂറിയെ നമുക്ക് കിട്ടില്ല .ഇവർക്ക് കൂടി വേണ്ടി ഫിലിം ഫെസ്റിവലിനോടനുബന്ധിച്ച് ഒരു തിയറ്ററിൽ അവാർഡ് പ്രതീക്ഷിക്കുന്നവർ അവരുടെ സ്വന്തം ചിലവിൽ (അത് പറയുമ്പോഴേ കുറേപ്പേർ സ്ഥലം വിടും ) നമ്മുടെ മലയാള സിനിമകൾ അവാർഡിന് വേണ്ടി പ്രദർശിപ്പിക്കുകയും പ്രതിനിധികൾ അതിനെ വിലയിരുത്തി മാർക്കിടുകയും ചെയ്യട്ടെ.
 
സ്റ്റാർട്ടപ്പ് പോലെയുള്ള കാര്യങ്ങൾക്ക് പണം ചിലവഴിക്കുന്ന ഗവർമെന്റ് ഒന്ന് മനസ്സ് വെച്ചാൽ സിനിമക്ക് മാർക്കറ്റാനുള്ള ഇലക്ട്രോണിക് സംവിധാനം സജ്ജമാക്കാൻ നമ്മുടെ നാട്ടിലെ മിടുക്കന്മാരായ കുട്ടികൾക്ക് ദിവസങ്ങൾ മതി .ഓരോ സിനിമക്കും ലഭിക്കുന്ന മാർക്കുകൾ വരുന്നവർക്കും പോകുന്നവർക്കും കാണാം .ചതിയില്ല , വഞ്ചനയില്ല ,കുതികാൽ വെട്ടില്ല.
 
ഇനി ചില നടന്മാർ തങ്ങളുടെ ഫാൻസുകാരെ കുത്തിക്കയറ്റി അവാർഡ് തരമാക്കാൻ കള്ളവോട്ട് ചെയ്യിക്കും എന്ന് പേടിക്കുകയെ വേണ്ട ,ഒരു ഫാൻസ്‌കാരനും ഫിലിം ഫെസ്റ്റിവലിന്റെ നാലയലത്ത് പോലും വരില്ല. അവർക്ക് കിട്ടാവുന്ന വലിയ ശിക്ഷയായിരിക്കും അതെന്ന് അവരെക്കാൾ നന്നായി ആർക്കാണ് അറിയുക !
 
ഇങ്ങനെയൊക്കെ ചിന്തിക്കാൻ തുടങ്ങാത്ത കാലത്തോളം ഭീമഹരജികൾ വന്നുകൊണ്ടിരിക്കും.എന്നാൽ മോഹൻലാൽ അതിഥിയായി വന്നാലും വന്നില്ലെങ്കിലും ചലച്ചിത്ര അവാർഡ് നിർണ്ണയ രീതികൾ മാറാത്ത കാലത്തോളം മോഹൻലാൽ വന്നാലെന്ത് വന്നില്ലെങ്കിലെന്ത് .അവാർഡ് തുകയിൽ കുറവ് വരാൻ പാടില്ല എന്നതായിരിക്കണം നമ്മുടെ ലൈൻ .
 
വാൽകഷ്ണം ഫ്രീ
പുരസ്‌കാരങ്ങളുടെ നാട് : കേരളത്തിൽ ഒരു വർഷത്തിൽ വിവിധയിനങ്ങളിലായി ആയിരത്തിഅലധികം അവാർഡുകൾ നല്കപ്പെടുന്നുണ്ട് .ഇക്കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനം നമുക്കായിരിക്കും .എല്ലാ അവാർഡുകളും പണ വിമുക്തമാക്കിയാൽ ആരെങ്കിലും ഈ ചരക്ക് വാങ്ങിക്കാനുണ്ടാവുമോ എന്ന് ആലോചിക്കുന്നത് രസമായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീരാവിയായി നീരാളി! ബോക്സോഫീസിൽ തകർന്നടിഞ്ഞ് മോഹൻലാലിന്റെ നീരാളി!