JSK Box Office: ക്ലച്ച് പിടിക്കാതെ സുരേഷ് ഗോപി ചിത്രം; വന്‍ പരാജയത്തിലേക്ക് !
Janaki V vs State of Kerala Box Office Collection: ആദ്യ ഷോയ്ക്കു ശേഷം ഒട്ടേറെ നെഗറ്റീവ് അഭിപ്രായങ്ങളാണ് സിനിമയ്ക്കു ലഭിച്ചത്
JSK Box Office Collection: സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത 'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' (JSK) വന്‍ പരാജയത്തിലേക്ക്. റിലീസിനു ശേഷമുള്ള ആദ്യ അവധി ദിനങ്ങള്‍ കഴിയുമ്പോള്‍ പ്രതീക്ഷിച്ച കളക്ഷന്‍ നേടാന്‍ ജെ.എസ്.കെയ്ക്കു സാധിച്ചിട്ടില്ല.
നാല് ദിവസങ്ങള്‍ കൊണ്ട് ഏകദേശം നാല് കോടിക്കു താഴെ മാത്രമാണ് ജെ.എസ്.കെയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം നാല് ദിവസം കൊണ്ട് 3.81 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. റിലീസിനു ശേഷമുള്ള ആദ്യ ശനിയാഴ്ച 90 ലക്ഷം മാത്രമാണ് ജെ.എസ്.കെ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത്. ഞായറാഴ്ചയും (ഇന്നലെ) ഇന്ത്യ നെറ്റ് കളക്ഷന്‍ ഒരു കോടി തൊടാന്‍ സുരേഷ് ഗോപി സിനിമയ്ക്കു സാധിച്ചിട്ടില്ല.
റിലീസ് ദിനത്തില്‍ 1.1 കോടി മാത്രമാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. രണ്ടാം ദിനമായ വെള്ളിയാഴ്ച ഇത് ഒരു കോടിയായി കുറഞ്ഞു. ഓണ്‍ലൈന്‍ ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോയിലും ജെ.എസ്.കെയ്ക്കു തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ വെറും 14,000 ടിക്കറ്റുകളാണ് ജെ.എസ്.കെയുടെതായി വിറ്റുപോയിരിക്കുന്നത്.
ആദ്യ ഷോയ്ക്കു ശേഷം ഒട്ടേറെ നെഗറ്റീവ് അഭിപ്രായങ്ങളാണ് സിനിമയ്ക്കു ലഭിച്ചത്. അതിനാടകീയത നിറഞ്ഞ കഥ പറച്ചിലെന്നാണ് പ്രധാന വിമര്‍ശനം. പറഞ്ഞുപഴകിയ കഥാരീതിയാണ് ചിത്രത്തിന്റേതെന്ന് നിരവധി പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. സുരേഷ് ഗോപിയുടെ പ്രകടനത്തെ അടക്കം പ്രേക്ഷകര്‍ വിമര്‍ശിച്ചിട്ടുണ്ട്. ലൈംഗിക പീഡനം അതിജീവിച്ച ജാനകി എന്ന പെണ്‍കുട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന നിയമപോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കോടതി രംഗങ്ങളാണ് സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ടവ. എന്നാല്‍ ഇവിടെയൊന്നും പ്രേക്ഷകരെ പൂര്‍ണമായി എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ ചിത്രത്തിനു സാധിക്കുന്നില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഡേവിഡ് ആബല്‍ ഡോണോവാന്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. അതേസമയം അനുപമ പരമേശ്വരന്റെ ജാനകി എന്ന കഥാപാത്രം പ്രശംസിക്കപ്പെടുന്നു. സിനിമ മോശമെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകര്‍ പോലും അനുപമയുടെ കഥാപാത്രമാണ് ഏക ആശ്വാസമെന്ന് പറയുന്നു.