‘5 വർഷമായി ഒരിക്കലെങ്കിലും മോദി ലീവെടുത്തിട്ടുണ്ടോ? സത്യസന്ധരായ മനുഷ്യരെ ബഹുമാനിക്കാൻ പഠിക്കെടോ’ - മോദിയെ പുകഴ്ത്തി ജൂഹി ചൗള
ബിജെപി സംഘടിപ്പിച്ച സിഎഎ അനുകൂല ബോധവല്‍ക്കരണ ചടങ്ങിലാണ് ജൂഹിയുടെ പരാമര്‍ശം.
മോഡിയെ പ്രകീര്‍ത്തിച്ച് ബോളിവുഡ് നടി ജൂഹി ചൗള രംഗത്ത്. രാജ്യത്തിന് ഗുണമാവുന്ന കാര്യങ്ങളെക്കുറിച്ച് എന്നും ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് മോഡിയെന്നാണ് ജൂഹി ചൗളയുടെ വാദം. ഇതിനൊപ്പം രാജ്യത്തിന്റെ ഐക്യത്തിന് ഭരണകൂടത്തിന്റെ മാത്രമല്ല, ഓരോ പൗരന്റേയും ഉത്തരവാദിത്തം കൂടിയാണെന്ന് അവര്‍ പറയുന്നു.
ബിജെപി സംഘടിപ്പിച്ച സിഎഎ അനുകൂല ബോധവല്‍ക്കരണ ചടങ്ങിലാണ് ജൂഹിയുടെ പരാമര്‍ശം. 200 ഓളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഈ കൂട്ടത്തില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളിലായി തങ്ങളുടെ ജോലിയില്‍ നിന്ന് ഒരു ലീവെങ്കിലും എടുക്കാത്ത ആരെങ്കിലും ഉണ്ടോ എന്നും അവര്‍ ചോദിച്ചു. കാണികള്‍ മോഡിയെന്ന് ഹര്‍ഷാരവം മുഴക്കിയപ്പോള്‍, ഉത്തരം ശരിവെച്ച ജൂഹി ചൗള മോദിയുടെ രാജ്യത്തോടുള്ള സേവനമാണ് അതെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചു. താന്‍ ഏതെങ്കിലും പാര്‍ട്ടിയെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ അല്ല പറയുന്നതെന്നും രാജ്യത്തിനു വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന മോഡിയെന്ന മനുഷ്യനെക്കുറിച്ചാണ് എന്നുമായിരുന്നു ജൂഹി ചൗളയുടെ വിശദീകരണം.
ഇതിനൊപ്പം രാജ്യത്തിന്റെ ഐക്യത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. അഭിപ്രായവ്യത്യാസമുണ്ടെന്ന് കരുതി ആരെങ്കിലും കുടുംബം തകര്‍ക്കുമോ? എല്ലാവരും രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി പ്രയത്‌നിക്കണം. ഇതിനിടെ ആജ്തക് ലേഖകന്‍ ജെ എന്‍ യു വിലെ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള താരത്തിന്റെ അഭിപ്രായം ചോദിച്ചപ്പോള്‍ ഉത്തരം പറയുന്നതിനു പകരം അദ്ദേഹം എവിടെ നിന്നാണ് വരുന്നതെന്നും പേരെന്താണെന്നുമായിരുന്നു താരത്തിന്റെ തിരിച്ചുള്ള ചോദ്യം.