നാവ് കടിച്ചുള്ള ചിരി പാമ്പിനെ ഓര്‍മിപ്പിക്കുന്നു; 'കളങ്കാവല്‍' നാളെ മുതല്‍
പുകവലിക്കുമ്പോഴുള്ള റിങ് സ്‌മോക്ക് പോലെ കളങ്കാവലിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ മറ്റൊരു സിഗ്നേച്ചറാണ് ഈ ചിരി
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന 'കളങ്കാവല്‍' നാളെ തിയറ്ററുകളിലെത്തുകയാണ്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകരില്‍ വലിയ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഒരു സിഗ്നേച്ചര്‍ ചിരിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം.
പുകവലിക്കുമ്പോഴുള്ള റിങ് സ്‌മോക്ക് പോലെ കളങ്കാവലിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ മറ്റൊരു സിഗ്നേച്ചറാണ് ഈ ചിരി. നാവ് പുറത്തേക്കിട്ട് തുമ്പ് കടിച്ചുപിടിച്ചൊരു ഐറ്റം. ആദ്യം പോസ്റ്ററിലും പിന്നീട് പ്രി റിലീസ് ടീസറിലും ഇത് കാണിച്ചിട്ടുണ്ട്. പാമ്പുകള്‍ നാവ് പുറത്തേക്ക് ഇടുന്നതിന്റെ സിമ്പോളിക്. പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നതുപോലെ 'The Venom Beneath' ! മമ്മൂട്ടി കഥാപാത്രം എത്രത്തോളം ക്രൂരതയുള്ളതാണെന്നു കാണിക്കുകയാണ് ഈ ചിരിയിലൂടെ. പാമ്പുകള്‍ ഇരയെ തിരിച്ചറിയാനും കണ്ടെത്താനുമാണ് ഇത്തരത്തില്‍ നാവ് പുറത്തേക്ക് നീട്ടുന്നത്. മമ്മൂട്ടി കഥാപാത്രം തന്റെ ഇരകളെ തേടുന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നാണ് സിനിഫൈല്‍സിന്റെ കണ്ടെത്തല്‍.
ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന കളങ്കാവലിന്റെ ആദ്യ ഷോ കേരളത്തില്‍ രാവിലെ 9.30 നാണ് ആരംഭിക്കുക. 12 മണിയോടെ ആദ്യ ഷോ കഴിഞ്ഞു പ്രതികരണങ്ങള്‍ വന്നുതുടങ്ങും. 20 ലേറെ നായികമാരാണ് ചിത്രത്തിലുള്ളത്. അതിക്രൂരനായ സ്ത്രീപീഡകന്റെ വേഷമാണ് മമ്മൂട്ടിയുടേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രീ സെയില്‍ മൂന്ന് കോടിയിലേക്ക് അടുക്കുകയാണ്.