Kalamkaval: 'അയാള്‍ എല്ലാം കാണുന്നുണ്ട്'; സ്ത്രീ കഥാപാത്രത്തിന്റെ കണ്ണില്‍ തുറന്നിട്ടിരിക്കുന്ന വാതില്‍, നില്‍ക്കുന്നത് മമ്മൂട്ടി !
വ്യക്തമല്ലാത്ത അഞ്ച് സ്ത്രീ രൂപങ്ങള്‍ പോസ്റ്ററില്‍ കാണാം. അതില്‍ ഒരു സ്ത്രീയുടെ കണ്ണുകളില്‍ തുറന്നിട്ടിരിക്കുന്ന വാതിലും ആ വാതിലില്‍ കൈകുത്തി ഒരാള്‍ നില്‍ക്കുന്നതും കാണാം
Kalamkaval: മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവലി'ന്റെ പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന വിനായകനെയാണ് കാണിച്ചിരിക്കുന്നതെങ്കിലും നിരവധി നിഗൂഢതകള്‍ പോസ്റ്ററില്‍ ഒളിഞ്ഞിരിപ്പുണ്ട്.
വ്യക്തമല്ലാത്ത അഞ്ച് സ്ത്രീ രൂപങ്ങള്‍ പോസ്റ്ററില്‍ കാണാം. അതില്‍ ഒരു സ്ത്രീയുടെ കണ്ണുകളില്‍ തുറന്നിട്ടിരിക്കുന്ന വാതിലും ആ വാതിലില്‍ കൈകുത്തി ഒരാള്‍ നില്‍ക്കുന്നതും കാണാം. എല്ലാം കണ്ടുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രമാണിത്. ' അയാള്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ പുറത്ത് ആരാണ് കാത്തിരിക്കുന്നതെന്ന് അറിയാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടോ?' എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് കളങ്കാവലില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍. നവംബര്‍ 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.