നല്ല സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും സ്വീകരിക്കാറുളളവരാണ് മലയാളികള്‍. ഏത് ഭാഷയിലുള്ള ചിത്രമാണെങ്കിലും സിനിമ അഭിനന്ദനാർഹമാണെങ്കിൽ അതിനെ ഏറ്റെടുക്കാൻ മലയാളികൾക്ക് മടിയില്ല. ഈ വര്‍ഷം രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന മലയാള സിനിമകള്‍ വളരെക്കുറച്ചുമാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്.
അടുത്തിടെ മലയാളത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലായിരുന്നു തമിഴകത്തുനിന്നും സിനിമകള്‍ പുറത്തിറങ്ങിയിരുന്നത്. മലയാളി പ്രേക്ഷകരെ പോലും അമ്പരപ്പിക്കുന്ന ചിത്രങ്ങളാണ് അടുത്തിടെ കോളിവുഡിൽ ഉരുത്തിരിഞ്ഞത്. അതിൽ നാല് സിനിമകൾ ഇപ്പോഴും തിയേറ്ററിൽ മുന്നേറുകയാണ്.
വിജയ് സേതുപതി നായകനായ 96 മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച തമിഴ് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 തമിഴകത്തെ എറ്റവും മികച്ച പ്രണയ സിനിമ ക്ലാസിക്കുകളിലൊന്നായി മാറിയിരിക്കുകയാണ്.
ആടുകളത്തിനു ശേഷം ധനുഷും വെട്രിമാരനും വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു വടചെന്നൈ. വ്യത്യസ്ത പ്രമേയം കൊണ്ടും കഥ കൊണ്ടും ചിത്രം ഏറെ ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ആടുകളം പോലെ ധനുഷിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി വടചെന്നൈ മാറിയിരിക്കുകയാണ്.
96 പോലെ മൗത്ത് പബ്ലിസിറ്റിയിലൂടെ വിജയം കൈവരിച്ച ചിത്രമാണ് പരിയേറും പെരുമാള്‍. ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെയും ദുരഭിമാന കൊലയുമൊക്കെയാണ് ചിത്രത്തില്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്.
തമിഴിലെ യുവതാരം വിഷ്ണു വിശാല്‍ നായകവേഷത്തിലെത്തിയ ചിത്രമാണ് രാക്ഷസന്‍. ഓരോ സെക്കൻഡിലും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സിനിമയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. വ്യത്യസ്ത പ്രമേയം കൊണ്ടും മികവുറ്റ മേക്കിങ്ങുകൊണ്ടും രാക്ഷസന്‍ എന്ന ചിത്രത്തിന് ഇത്രയും സ്വീകാര്യത ലഭിച്ചിരിക്കുന്നത്.