ഇത് രണ്ടുംകൽപ്പിച്ചുള്ള വരവുതന്നെ; ജയിക്കാനായി ജനിച്ചവൻ മധുരരാജ!
എട്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം രാജ തിരിച്ചെത്തി!
മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു പോക്കിരിരാജ. അതിന്റെ രണ്ടാം ഭാഗം വരുന്നൂ എന്ന് കേട്ടപ്പോൾ തന്നെ ആരാധകർ ത്രില്ലിലാണ്. പോക്കിരിരാജയിലെ അതേ ഗെറ്റപ്പാണ് മമ്മൂട്ടിക്ക് മധുരരാജയിലും ഉള്ളത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
മധുരരാജയിൽ ഓഗസ്റ്റ് രണ്ടാവാരത്തോടെ മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. അപ്രതീക്ഷിതമായെത്തിയ മഴയെത്തുടര്‍ന്ന് ഈ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. സ്ഥിതിഗതികള്‍ ശാന്തമായതിന് ശേഷമാണ് മമ്മൂട്ടി ഈ സിനിമയിലേക്കെത്തിയത്. മമ്മൂക്ക എത്തിയതോടെ ലൊക്കേഷൻ ചിത്രങ്ങളും വൈറലാകുകയാണ്.
രാജയെ അനുസ്മരിപ്പിക്കുന്ന അതേ ലുക്കിലാണ് ഇത്തവണയും അദ്ദേഹമെത്തിയത്. വെളുത്ത നിറത്തിലുള്ള മുണ്ടും ഷര്‍ട്ടിനുമൊപ്പം കസവ് ഷാളുമണിഞ്ഞ് നിറയെ ആഭരണവും ധരിച്ചതാണ് മമ്മൂട്ടിയുടെ ലുക്ക്. ഒറ്റയടിക്ക് കണ്ടാൽ പോക്കിരിരാജയാണോ എന്ന് തോന്നിപ്പോകും.