കെ വി ആനന്ദ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കാപ്പാൻ’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സൂര്യ, മോഹൻലാൽ, ആര്യ, സയേഷ എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. സൂര്യയുടെ ശക്തമായ ഒരു തിരിച്ച് വരവാണ് ചിത്രമെന്നതിൽ ആർക്കും സംശയമില്ല. എന്നാൽ, മോഹൻലാൽ ആരാധകരെ സംബന്ധിച്ച് അത്ര നല്ല അനുഭവമല്ല അവർക്ക് കാപ്പാൻ. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	മലയാളത്തിലെ ഏറ്റവും സ്റ്റാർ വാല്യൂ ഉള്ള, ക്രൌഡ് പുള്ളറായ താരം മോഹൻലാൽ ആണ്. പുലിമുരുകനു ശേഷം മോഹൻലാൽ എന്ന ബ്രാൻഡ് മാർക്ക് ചെയ്യപ്പെടുന്നിടത്താണ് കാപ്പാൻ റിലീസ് ആകുന്നത്. സംവിധായകന്റെ നിർബന്ധ പ്രകാരമാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചതെന്നാണ് സൂചന. 
 
									
										
								
																	
	എന്നാൽ, മോഹൻലാൽ എന്ന ബ്രാൻഡിനെ മാത്രമേ ആനന്ദ് ഉപയോഗപ്പെടുത്തിയിട്ടുള്ളു എന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. മലയാളത്തിലെ മഹാനടൻ, രാജ്യം അമ്പരപ്പോടെ കണ്ടിട്ടുള്ള ഒരുപാട് ക്ലാസ് സിനിമകളുടെ തമ്പുരാൻ മറ്റ് ഭാഷകളിലേക്ക് പോകുമ്പോൾ എന്തുകൊണ്ടാണ് സഹനടനായി ചെറുതായി പോകുന്നതെന്ന് മലയാളികൾ തന്നെ പലപ്പോഴും അമ്പരന്നിട്ടുണ്ടാകും. 
 
									
											
									
			        							
								
																	
									
										
										
								
																	
	മോഹൻലാലിനെ അങ്ങനെ കാണാൻ ഒരു മലയാളികളും ആഗ്രഹിക്കില്ല. തമിഴിൽ സൂര്യ, വിജയ് തുടങ്ങിയ താരങ്ങളുടെ പിന്നിലോ നിഴലായോ അവർക്ക് മാസ് കാണിക്കാൻ വേണ്ടിയുള്ള ഒരു ‘അവതാരം‘ എന്ന നിലയിലോ മാത്രം ഒരിക്കലും മലയാളികൾക്ക് മോഹൻലാലിനെ കാണാൻ കഴിയില്ല. 
 
									
					
			        							
								
																	
	 
	കടപ്പാടിന്റെയും സൗഹൃദത്തിന്റെയും പേരിൽ മറ്റ് സീനിയർ നടന്മാർ ചെയ്യേണ്ടുന്ന റോളാണ് അദ്ദേഹം അന്യഭാഷകളിൽ സ്വീകരിക്കുന്നത്. മോഹൻലാൽ എന്ന നടനെയാണ് മാർക്കറ്റ് ചെയ്യപ്പെടുന്നതെങ്കിൽ ‘ഇരുവർ‘ പോലൊരു ക്ലാസ് സിനിമയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുക, മറിച്ച് മോഹൻലാൽ എന്ന താരത്തെയാണെങ്കിൽ മിനിമം ‘ജനതഗാരേജ്’ പോലൊരു മാസ് സിനിമയാകും അന്യഭാഷയിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ, അതൊന്നുമല്ല ‘കാപ്പാൻ‘ ഒരു മോഹൻലാൽ ആരാധകനു സമ്മാനിക്കുന്നത്. 
 
									
			                     
							
							
			        							
								
																	
									
										
										
								
																	
	മോഹൻലാൽ എന്ന ബ്രാൻഡിന് ഇപ്പോൾ ഇവിടെയുള്ള വലിയ വിപണിമൂല്യം മുതലെടുക്കാനുള്ള സംവിധായകന്റെ ശ്രമമായിരുന്നോ ഇതെന്ന് ചിത്രം കണ്ടവർ ചോദിച്ച് പോയാൽ അതിൽ അതിശയിക്കാനൊന്നുമില്ല. അന്യഭാഷകളിൽ നമ്മുടെ ഇതിഹാസ താരങ്ങൾക്കു ഇതിൽ കൂടുതലും ചെയ്യാൻ സാധിക്കുമെന്നതിൽ ആർക്കും സംശയമില്ല. അതിനു ഉദാഹരണമാണ് മോഹൻലാലിന്റെ തന്നെ ‘ഇരുവർ’. 
 
									
			                     
							
							
			        							
								
																	
									
										
										
								
																	
	അവിടെയാണ് മമ്മൂട്ടിയെന്ന നടൻ വ്യത്യസ്തനാവുന്നത്. അടയാളപ്പെടുത്താൻ തക്ക റോളുകൾ മാത്രമാണ് അദ്ദേഹം അന്യഭാഷകളിൽ ഏറ്റെടുത്തിട്ടുള്ളതും ചെയ്തിട്ടുള്ളതും. ആ തീരുമാനത്തിനു ഇപ്പോഴും മാറ്റം വന്നിട്ടില്ല എന്നതിന്റെ തെളിവാണ് ഈ വർഷം തന്നെ ഇറങ്ങിയ പേരൻപും യാത്രയും. 
 
									
			                     
							
							
			        							
								
																	
									
										
										
								
																	
	ആനന്ദം, ദളപതി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടെൻ, മൌനം സമ്മതം, മക്കൾ ആട്‌ച്ചി, അഴകൻ, മറു മലർച്ചി, 
 
									
			                     
							
							
			        							
								
																	
	എതിരും പുതിരും, യാത്ര, പേരൻപ് എന്നിവ മമ്മൂട്ടിയെന്ന നടനെ അന്യഭാഷയിൽ വ്യക്തമായി വരച്ച് വെച്ചിട്ടുണ്ട്. മമ്മൂട്ടിയെന്ന നടനെ ‘വൺ മാൻ ഷോ’ ആണെങ്കിൽ കൂടി തമിഴ്, തെലുങ്ക് പ്രേക്ഷകർ അംഗീകരിച്ചതാണ്. അതിനാൽ, കൂടെ അഭിനയിക്കുന്നവരുടെ നിഴലായി നിന്നുകൊടുക്കേണ്ട അവസരങ്ങളൊന്നും അദ്ദേഹത്തിനു വന്നിട്ടില്ല. ഒരു നടനെന്ന നിലയിൽ അന്യഭാഷയിൽ അഭിനയിക്കുമ്പോൾ മോഹൻലാൽ എന്ന നടന്റെ പേര് കൂടെ എഴുതിച്ചേർക്കാൻ പാകത്തിൽ അദ്ദേഹത്തിനു സിനിമകൾ ലഭിക്കട്ടെയെന്നാണ് ഓരോ മോഹൻലാലും ആരാധകരും ഇപ്പോൾ ആഗ്രഹിക്കുന്നത്.