MMMN Movie, PATRIOT: കേള്‍ക്കുന്നതെല്ലാം അടിസ്ഥാനരഹിതം, ഒരു സീന്‍ പോലും മാറ്റിയിട്ടില്ല; മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി തന്നെ നായകന്‍
Mahesh Narayanan Movie: മഹേഷ് നാരായണന്‍ ചിത്രത്തിന്റെ തിരക്കഥ നേരത്തെ തന്നെ ഫൈനലൈസ് ചെയ്തതാണ്
Mammootty - Mahesh Narayanan Movie
MMMN Movie, PATRIOT: മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനാല്‍ മഹേഷ് നാരായണന്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ സീനുകള്‍ വെട്ടിക്കുറച്ചു എന്നാണ് ഇപ്പോള്‍ പ്രചരണം. എന്നാല്‍ അത് വസ്തുതയല്ല.
മഹേഷ് നാരായണന്‍ ചിത്രത്തിന്റെ തിരക്കഥ നേരത്തെ തന്നെ ഫൈനലൈസ് ചെയ്തതാണ്. തിരക്കഥയില്‍ യാതൊരു മാറ്റങ്ങളും വരുത്തിയിട്ടില്ല. നേരത്തെ നിശ്ചയിച്ച പോലെ മമ്മൂട്ടി നായകവേഷവും മോഹന്‍ലാല്‍ സുപ്രധാന കാമിയോ വേഷത്തിലും എത്തും. അസൗകര്യങ്ങള്‍ കാരണം മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള സീനുകളിലും മാറ്റം വരുത്തിയിട്ടില്ല. ഇരുവരും ഒന്നിച്ചുള്ള ഇമോഷണല്‍ രംഗങ്ങളടക്കം ചിത്രത്തിലുണ്ട്.
അതേസമയം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണ്‍ ചിത്രത്തിന്റെ പേര് 'പാട്രിയോട്ട്' (PATRIOT) എന്നാണ്. ടൂറിസം ശ്രീലങ്കയുടെ എക്സ് പേജിലൂടെയാണ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ പേര് പുറത്തുവന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ ഈ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ശ്രീലങ്കയിലെ രണ്ടാമത്തെ ഷെഡ്യൂളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതും ഇവിടെ നിന്നാണ്. അന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ശ്രീലങ്കയിലെത്തിയിരുന്നു. രണ്ടാമത്തെ ഷെഡ്യൂളിനായി കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയ മോഹന്‍ലാല്‍ സിനിമാ ചിത്രീകരണത്തിനു ഏറെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ് ശ്രീലങ്കയിലുള്ളതെന്ന് പറഞ്ഞിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് ടൂറിസം ശ്രീലങ്ക എന്ന പേജില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ പേര് 'പാട്രിയോട്ട്' എന്നാണെന്നു നല്‍കിയിരിക്കുന്നത്.