PATRIOT: സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിക്കുന്ന ചിത്രമായിട്ടും നനഞ്ഞ പടക്കം പോലെ; പേര് പുറത്തുവിട്ട് ടൂറിസം ശ്രീലങ്ക, ആരാധകര്‍ കലിപ്പില്‍
മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും മഹേഷ് നാരായണന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്
PATRIOT: മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണ്‍ ചിത്രത്തിന്റെ പേര് 'പാട്രിയോട്ട്' (PATRIOT). ടൂറിസം ശ്രീലങ്കയുടെ എക്‌സ് പേജിലൂടെയാണ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ പേര് പുറത്തുവന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ ഈ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും മഹേഷ് നാരായണന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മമ്മൂട്ടി പ്രധാന വേഷത്തിലും മോഹന്‍ലാല്‍ കാമിയോ റോളിലുമാണ് എത്തുന്നത്. ശ്രീലങ്കയിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. മോഹന്‍ലാലും കുഞ്ചാക്കോ ബോബനും ശ്രീലങ്കയില്‍ പുരോഗമിക്കുന്ന ഷെഡ്യൂളില്‍ ഭാഗമാണ്.
ശ്രീലങ്കയിലെ രണ്ടാമത്തെ ഷെഡ്യൂളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതും ഇവിടെ നിന്നാണ്. അന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ശ്രീലങ്കയിലെത്തിയിരുന്നു. രണ്ടാമത്തെ ഷെഡ്യൂളിനായി കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയ മോഹന്‍ലാല്‍ സിനിമാ ചിത്രീകരണത്തിനു ഏറെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ് ശ്രീലങ്കയിലുള്ളതെന്ന് പറഞ്ഞിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് ടൂറിസം ശ്രീലങ്ക എന്ന പേജില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ പേര് 'പാട്രിയോട്ട്' എന്നാണെന്നു നല്‍കിയിരിക്കുന്നത്.
അതേസമയം ഇത്ര വലിയ പ്രൊജക്ട് ആയിട്ടും കൃത്യമായ പ്രൊമോഷന്‍ നല്‍കുന്നില്ലെന്നാണ് മമ്മൂട്ടി - മോഹന്‍ലാല്‍ ആരാധകരുടെ വിമര്‍ശനം. സിനിമയുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേറ്റും അണിയറ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കാത്തത് എന്തുകൊണ്ടാണെന്നും ആരാധകര്‍ ചോദിക്കുന്നു.
അതേസമയം മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി ഉടന്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. ആരോഗ്യബുദ്ധിമുട്ടുകളെ തുടര്‍ന്ന് മമ്മൂട്ടി ചെന്നൈയില്‍ വിശ്രമത്തില്‍ തുടരുകയാണ്. മമ്മൂട്ടിയുടെ തിരിച്ചുവരവ് വൈകിയതിനാല്‍ മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണവും നീണ്ടുപോയി.