മമ്മൂട്ടി ചിത്രം കളങ്കാവലിനു 'എ' സര്‍ട്ടിഫിക്കറ്റോ?
Mammootty: കളങ്കാവല്‍ സിനിമയുടെ സെന്‍സറിങ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവല്‍' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണ്.
കളങ്കാവല്‍ സിനിമയുടെ സെന്‍സറിങ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചിത്രത്തില്‍ വയലന്‍സ് കൂടുതല്‍ ആണെങ്കിലും സെന്‍സറിങ് പൂര്‍ത്തിയാകാത്തതുകൊണ്ട് എ സര്‍ട്ടിഫിക്കറ്റാണോ ലഭിക്കുകയെന്ന് പറയാറായിട്ടില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ സിനിമയില്‍ ഒരുപാടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു ചിത്രം കാണാന്‍ സാധിക്കില്ല, സെന്‍സറിങ്ങില്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും.
കളങ്കാവലില്‍ മമ്മൂട്ടി വില്ലന്‍ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. വിനായകനാണ് നായകന്‍. സൈക്കോപാത്തായ ഒരു സീരിയല്‍ കില്ലറുടെ വേഷമാണ് മമ്മൂട്ടിക്ക്. ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് ജിതിന്‍ കെ ജോസ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍. മേയില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം.