Empuraan Movie: 'ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാനെത്തുന്ന ഖുറേഷി അബ്‌റാമിന്റെ കഥ'; എമ്പുരാനെ കുറിച്ച് പൃഥ്വിരാജ്
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും.
മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയെ കുറിച്ച് വളരെ കോൺഫിഡന്റ് ആണ് പൃഥ്വിരാജ് അടക്കമുള്ള ടീം. ഇപ്പോഴിതാ, സിനിമയെ കുറിച്ച് വലിയൊരു സൂചന നൽകിയിരിക്കുകയാണ് പൃഥ്വി.
ലൂസിഫർ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥയാണ് പറഞ്ഞതെങ്കിൽ എമ്പുരാൻ ഖുറേഷി അബ്‌റാം എന്നയാളുടെ ലോകത്തേക്ക് നിങ്ങളെ കൊണ്ടുപോകുന്ന സിനിമയാകും എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു പ്രശ്നത്തിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാനായി വീണ്ടുമെത്തുന്ന ഖുറേഷി അബ്‌റാമിന്റെ കഥയാണ് സിനിമ പറയുന്നത് എന്നാണ് പൃഥ്വിയുടെ വെളിപ്പെടുത്തൽ.
'എമ്പുരാൻ ഒരു വേൾഡ് ബിൽഡിങ്ങിന്റെ സിനിമയാണ്. മറ്റൊരു പ്രശ്നത്തിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാനായി വീണ്ടുമെത്തുന്ന ഖുറേഷി അബ്‌റാമിന്റെ കഥയാണ് സിനിമ പറയുന്നത്', പൃഥ്വിരാജ് കൂട്ടിച്ചേർത്തു. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ കോളേജില്‍ വെച്ച് നടന്ന സിനിമയുടെ പ്രൊമോഷണൽ ഇവെന്റിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്റാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.