'കുട്ടികളെയും കൊണ്ട് കയറരുത്'; ഉണ്ണി മുകുന്ദന്‍ ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റ്
ആക്ഷന്‍ രംഗങ്ങള്‍ക്കു പ്രാധാന്യമുള്ള ചിത്രത്തില്‍ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വയലന്‍സ് രംഗങ്ങള്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത 'മാര്‍ക്കോ' ഡിസംബര്‍ 20 നു തിയറ്ററുകളില്‍. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വയലന്‍സ് രംഗങ്ങള്‍ കൂടുതല്‍ ഉള്ളതിനാലാണ് സിനിമയ്ക്കു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു ഈ സിനിമ തിയറ്ററുകളില്‍ കാണാന്‍ സാധിക്കില്ല.
ആക്ഷന്‍ രംഗങ്ങള്‍ക്കു പ്രാധാന്യമുള്ള ചിത്രത്തില്‍ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വയലന്‍സ് രംഗങ്ങള്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. സിനിമയില്‍ അഭിനയിച്ച നടന്‍ ജഗദീഷും ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 'ഒട്ടും കരുണയില്ല' എന്ന ക്യാപ്ഷനോടെയാണ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ മാര്‍ക്കോയുടെ അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടത്.
ഹനീഫ് അദേനി തന്നെയാണ് മാര്‍ക്കോയുടെ തിരക്കഥ. ഷരീഫ് മുഹമ്മദ് ആണ് നിര്‍മാണം. സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് രവി ബാസ്‌റുര്‍. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്.