Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal in 2025: മലയാളികള്‍ കാത്തിരിക്കുന്ന ആവേശകരമായ തിരിച്ചുവരവ്; ക്ലാസും മാസുമാകാന്‍ ലാലേട്ടന്‍

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും' ആണ് ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന മോഹന്‍ലാലിന്റെ ആദ്യ സിനിമ

Mohanlal, Mohanlal in 2025, Upcoming Mohanlal films, 2025 Mohanlal films, Mohanlal in 2025, Mohanlal films 2025

രേണുക വേണു

, ചൊവ്വ, 7 ജനുവരി 2025 (20:08 IST)
Mohanlal in 2025

Mohanlal in 2025: പുതുവര്‍ഷത്തില്‍ മലയാളികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് മോഹന്‍ലാല്‍ സിനിമകള്‍ക്കു വേണ്ടിയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അല്‍പ്പം പിന്നിലേക്ക് പോയ മോഹന്‍ലാല്‍ ഇത്തവണ വന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് മലയാള സിനിമാലോകം പ്രതീക്ഷിക്കുന്നത്. റിലീസിനു മുന്‍പ് തന്നെ വന്‍ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നോ നാലോ സിനിമകള്‍ മോഹന്‍ലാലിന്റെ 2025 ലിസ്റ്റിലുണ്ട്. 
 
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും' ആണ് ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന മോഹന്‍ലാലിന്റെ ആദ്യ സിനിമ. വളരെ സാധാരണക്കാരനായ ഒരു കാര്‍ ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ശോഭനയാണ് നായിക. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മാണം. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം 'തുടരും' ഒരു കുടുംബ ചിത്രമാണെന്ന സൂചന നല്‍കുന്നതാണ്. 
 
ലൂസിഫറിന്റെ രണ്ടാം ഭാഗമായ 'എംപുരാന്‍' മാര്‍ച്ച് 27 നു തിയറ്ററുകളിലെത്തും. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എംപുരാന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. കേരളത്തില്‍ വേനല്‍ അവധിക്കാലം തുടങ്ങുകയും ഈദ് പെരുന്നാളിനെ തുടര്‍ന്ന് ജിസിസിയില്‍ തുടര്‍ച്ചയായി അവധി ലഭിക്കുകയും ചെയ്യുന്ന ദിവസങ്ങളിലാണ് എംപുരാന്‍ തിയറ്ററുകളിലെത്തുന്നത്. 
 
മോഹന്‍ലാല്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന തെലുങ്ക് ചിത്രം 'കണ്ണപ്പ'യും ഈ വര്‍ഷം ഏപ്രില്‍ 25 നു തിയറ്ററുകളിലെത്തും. മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന 'കണ്ണപ്പ'യിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. കിരാതയെന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. വിഷ്ണു മഞ്ചു നായകനായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അക്ഷയ് കുമാര്‍, പ്രഭാസ് എന്നിവരും കാമിയോ റോളുകളില്‍ എത്തുന്നുണ്ട്. 
 
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂര്‍വ്വം' ആണ് 2025 ല്‍ വലിയ പ്രതീക്ഷയുള്ള മറ്റൊരു മോഹന്‍ലാല്‍ ചിത്രം. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ഒരു സാധാരണക്കാരന്റെ വേഷമാണ് ലാല്‍ ചെയ്യുന്നത്. നവാഗതനായ സോനു ടി.പി ആണ് തിരക്കഥയും സംഭാഷണവും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളിലെത്തുമെന്നാണ് വിവരം. ക്യാമറ അനു മൂത്തേടത്ത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം. 
 
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രവും മോഹന്‍ലാലിന്റേതായി ഈ വര്‍ഷം തിയറ്ററുകളിലെത്തും. മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിന്റേത് എക്സ്റ്റന്റഡ് കാമിയോ റോള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 അവസാനത്തോടെയായിരിക്കും ഈ സിനിമയുടെ റിലീസ്. 
 
രോമാഞ്ചം, ആവേശം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകും. ജിത്തു മാധവന്‍ ചിത്രത്തിനായി മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും ജിത്തു മാധവന്‍ സിനിമയില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് സിനിമ നിര്‍മിക്കുക. ജിത്തു മാധവന്‍ ചിത്രത്തില്‍ താന്‍ അഭിനയിക്കുമെന്ന് മോഹന്‍ലാലും ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സിനിമ 2025 ല്‍ തന്നെ റിലീസ് ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേടിയതൊന്നും അവിചാരിതമോ ഭാഗ്യമോ അല്ല, ഉണ്ണി സൂപ്പർ സ്റ്റാറെന്ന് സ്വാസിക