സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുളന്തുരുത്തി എരിവേലിയിലുള്ള ബംഗ്ലാവിൽ തികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം.
മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയാവുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷൻ പൂനെ ആണ്. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.
സിനിമയുടെ കഥ അഖിൽ സത്യന്റെതാണ്. അനൂപ് സത്യൻ ചിത്രത്തിൽ അസോസിയേറ്റ് ആയാണ് പ്രവർത്തിക്കുന്നത്. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. നടി സംഗീത, അമൽ ഡേവിസ്, നിഷാൻ, ജനാർദനൻ, സിദ്ദിഖ്, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.