യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതോടെ കേരളത്തിൽ വലിയ ചർച്ചകളാണുണ്ടായത്. സ്ത്രീ വിരുദ്ധതയ്ക്കെതിരെ സംസാരിക്കുന്ന ഡബ്ല്യുസിസി അംഗമായ ഗീതുവിന്റെ സിനിമയിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന് ആരോപണം വന്നു. കസബയുടെ സംവിധായകൻ നിതിൻ രഞ്ജി പണിക്കരുൾപ്പെടെ ഗീതു മോഹൻദാസിനെതിരെ വിമർശനം ഉന്നയിച്ചു. ഡബ്ല്യുസിസിക്ക് നേരെയും ചോദ്യം വന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ഡബ്ല്യുസിസി അംഗമായ നടി പത്മപ്രിയ. മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ.
'ഡബ്ല്യുസിസിയിലേക്ക് ഞങ്ങളെല്ലാവരും വന്നത് ആർട്ടിസ്റ്റുകളും പ്രൊഫഷണൽസും ആയത് കൊണ്ടാണ്. ഞങ്ങൾ കാരണമാണ് ഡബ്ല്യുസിസി ഉണ്ടായത്. മനുഷ്യരെന്ന നിലയിൽ ഞങ്ങളെയത് ഇൻ വാലിഡ് ചെയ്യുന്നില്ല. ആരുടെയും പേരെടുത്ത് ഞാൻ പറയുന്നില്ല. സംഘടനയിലെ ചിലർ കലക്ടീവിന്റെ തുല്യ ഇടം, തുല്യ അവസരം എന്ന ആശയവുമായി ചേർന്ന് നിൽക്കുന്നില്ല. അതേക്കുറിച്ച് തീർച്ചയായും ഞങ്ങൾ സംസാരിക്കും. ചിലപ്പോൾ ഇൻകൺസിസ്റ്റന്റായി സംസാരിക്കും.
എനിക്ക് കൃത്യമായി പറയാൻ പറ്റും. ഞാനും ഗീതുവും തമ്മിൽ കലക്ടീവിനുള്ളിൽ തന്നെ ആവശ്യത്തിന് തർക്കമുണ്ടായിട്ടുണ്ട്. അതിനാൽ പബ്ലിക് സ്പേസിൽ എന്റെ അഭിപ്രായ വ്യത്യാസത്തെ ഗീതു അപ്രിഷിയേറ്റ് ചെയ്യാതിരിക്കാൻ കാരണമില്ല. പക്ഷെ ആളുകൾ ഞങ്ങളുടെ ഐഡന്റിറ്റിയിൽ കൺഫ്യൂസഡ് ആകുന്നതാണ് പ്രശ്നം. ഞാൻ ഒരു ആർട്ടിസ്റ്റും കൂടിയാണ്. കലക്ടീവിനപ്പുറത്ത് ഒരു ഐഡന്റിറ്റിയുള്ള ആൾ. കല്കീവും വ്യക്തിയും രണ്ടാണ്.
ഡബ്ല്യുസിസി മെമ്പറാണ് അവർക്കിത് ചെയ്യാൻ പറ്റില്ലെന്ന് പറയാനാകില്ല. അതേസമയം കലക്ടീവ് ചെയ്യുന്നതുമായി അവർ ചെയ്യുന്നത് ഇൻകൺസിസ്റ്റന്റ് ആണെങ്കിൽ ഞാനതിനെതിരെ സംസാരിക്കും. പക്ഷെ അതിനർത്ഥം ഞാൻ ഡബ്ല്യുസിസി മാത്രമാണെന്നല്ല. എനിക്ക് ഡബ്ല്യുസിയില്ലാതെ കുറെ വീക്ഷണങ്ങളുണ്ട്. ചിലപ്പോൾ തെറ്റ് പറ്റാം അതിലെന്താണ്', പത്മപ്രിയ ചോദിക്കുന്നു.