Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലാലേട്ടൻ പൃഥ്വിയുടെ കൈ മുറുകെ പിടിച്ചു’ - മോഹൻലാലിനൊപ്പം ലൂസിഫർ കണ്ട ഒരു ആരാധകന്റെ അനുഭവം ഇങ്ങനെ

'ലാലേട്ടൻ പൃഥ്വിയുടെ കൈ മുറുകെ പിടിച്ചു’ - മോഹൻലാലിനൊപ്പം ലൂസിഫർ കണ്ട ഒരു ആരാധകന്റെ അനുഭവം ഇങ്ങനെ
, വ്യാഴം, 28 മാര്‍ച്ച് 2019 (14:14 IST)
മോഹൻലാൽ, പൃഥ്വിരാജ് ആരാധകർ ഒന്നടങ്കം കാത്തിരുന്ന ലൂസിഫർ എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്. മികച്ച നടൻ മാത്രമല്ല നല്ലൊരു സംവിധായകൻ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വി. ചിത്രത്തിന്റെ വെളുപ്പിനെയുള്ള ഫാൻസ് ഷോയ്ക്ക് മോഹൻലാൽ, പൃഥ്വി, ടൊവിനോ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഇവർക്കൊപ്പം സിനിമ കണ്ട ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. പോസ്റ്റിന്റെ പൂർണരൂപം: 
 
ഞാൻ ലാലേട്ടന്റെ പേർസണൽ സ്റ്റാഫ് സജീവ് ഏട്ടനോടൊപ്പമാണ് ലൂസിഫർ കാണാൻ പോയത്, അതുകൊണ്ടു തന്നെ ലാലേട്ടനും, സംവിധായകൻ 'പൃഥ്വിരാജും' ടൊവിനോയും ആന്റണി ചേട്ടനും ഇരുന്ന വരിയുടെ തൊട്ടു പിന്നിൽ ഇരുന്ന് 'ലൂസിഫർ' കാണാൻ ഉള്ള ഒരു ഭാഗ്യമുണ്ടായി.
 
സിനിമ ആരംഭിച്ചു. തൊണ്ട കീറി പൊളിച്ച് ഇടി ഒക്കെ കൊണ്ട് ലാലേട്ടന്റെയും പൃഥ്വിരാജിന്റെയും സിനിമകൾ ആദ്യ ദിനം കണ്ടിരുന്ന ഞാൻ അവർ രണ്ടു പേരും ഒന്നിക്കുന്ന ഒരു സിനിമ അവരുടെ രണ്ടു പേരുടെയും തൊട്ട് പിന്നിൽ ഇരുന്ന് കാണുന്നു. എന്റെ ഈ അനുഭവത്തിൽ നിന്ന് പറഞ്ഞാൽ സ്വപ്നം എന്ന വാക്ക് ഒന്നും അല്ലാതെ ആയിപ്പോയി എന്നൊക്കെ പറയാവുന്ന ഒരു നിമിഷം എന്റെ തൊട്ടു മുന്നിൽ സംഭവിക്കുന്നു.
 
സിനിമയിലെ ഓരോ രോമാഞ്ചിഫിക്കേഷൻ സീനും വരുമ്പോഴും അറിയാതെ എന്റെ കണ്ണ് അടുത്തടുതിരിക്കുന്ന നായക നടനിലും സംവിധായകനിലും പോയി ഉടക്കി നിൽക്കും. പ്രേക്ഷകരുടെ ആരവങ്ങളോട് അവരുടെ പ്രതികരണം എങ്ങനെയാവും എന്നു അറിയാനുള്ള എന്റെ കൗതുകം കൊണ്ടാവാം ചിലപ്പോൾ അത്. വിന്റേജ് ലാലേട്ടനെ ഓർമ്മപ്പെടുത്തുന്ന പല ഡയലോഗുകളും മാനറിസങ്ങളും സിനിമയിൽ ഉണ്ട്, അപ്പോഴൊക്കെ ഉണ്ടായ പ്രേക്ഷകരുടെ അടങ്ങാത്ത ആരവത്തിനിടയിൽ ഞാൻ ലാലേട്ടന്റെ മുഖത്ത് നോക്കിയിരുന്നു. എനിക്ക് ലാലേട്ടന്റെ മുഖത്ത് വലിയ സന്തോഷവും രാജുച്ചേട്ടന്റെ മുഖത്തു അടങ്ങാത്ത അഭിമാനവും കാണാമായിരുന്നു.
 
സംവിധാനം പൃഥ്വിരാജ് എന്നു എഴുതി കാണിച്ച നിമിഷം തീയറ്ററിൽ ഉണ്ടായ ആ കയ്യടിയിൽ അദ്ദേഹത്തിന്റെ മുഖത്ത് വന്ന ആ വികാരം വാക്കുകൾ കൊണ്ട് എനിക്ക് പറഞ്ഞു അറിയിക്കാൻ സാധിക്കില്ല. ഇടക്ക് ഒരു ഫാൻ ബോയിയെ പോലെ എഴുന്നേറ്റ് നിന്നു കയ്യടിക്കുന്ന ആന്റണി ചേട്ടനെയും ഞാൻ കണ്ടു. സിനിമയിലെ ഒരു പ്രത്യേക സന്ദർഭത്തിൽ ലാലേട്ടൻ രാജുവിന്റെ കൈ പിടിച്ച ആ നിമിഷം ഞാൻ എന്റെ ഹൃദയത്തിലെ ക്യാമറയിൽ എന്നും സൂക്ഷിച്ച് വെക്കും.
 
'ലൂസിഫർ' എന്ന ചിത്രത്തിന്റെ റിവ്യൂകൾ ഇതിനോടകം ഒരുപാട് വന്നിട്ടുണ്ടാകും. അതിലേക്ക് ഞാൻ കടക്കുന്നില്ല, പക്ഷെ ഒന്ന് പറയാം അടുത്തകാലത്ത്‌ ലാലേട്ടനെ ഇത്രത്തോളം ഉപയോഗിച്ചു വിജയിച്ച മറ്റൊരു സംവിധായകൻ ഉണ്ടോ എന്നെനിക്ക് സംശയമാണ്.
 
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഒരു നടനും അദ്ദേഹത്തെ ജേഷ്ഠതുല്യനായും അതിലുപരി അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനായും കാണുന്ന മറ്റൊരു യുവ സൂപ്പർ താരവും തമ്മിലുള്ള വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയാകാൻ സാധിച്ചത് എന്റെ പുണ്യമായി ഞാൻ കരുതുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്മാർട്ട്ഫോണുകളുടെ രാജാവാകാൻ ഹുവായിയുടെ P30യും, P30 പ്രോയും, ഈ കരുത്തൻ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയൂ !