മോഹൻലാലിന്റെ കുഞ്ഞാലി മരക്കാർക്ക് നഷ്ടം കോടികൾ: തുറന്നു പറഞ്ഞ് നിർമാതാവ് സന്തോഷ് ടി കുരുവിള
ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം പക്ഷേ ആരാധകരെ തൃപ്തിപ്പെടുത്തിയിരുന്നില്ല.
പ്രിയദർശൻ സംവിധാനം ചെയ്ത 'മരക്കാർ അറബി കടലിന്റെ സിംഹം' ഏറെ പ്രതീക്ഷയോടെ റിലീസ് ആയ പടമായിരുന്നു. മോഹൻലാൽ നായകനായ ചിത്രം 2021-ൽ ആണ് റിലീസ് ആയത്. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം പക്ഷേ ആരാധകരെ തൃപ്തിപ്പെടുത്തിയിരുന്നില്ല. സിനിമയുടെ പ്രാരംഭഘട്ടത്തിൽ തന്നെ നഷ്ടം വരുമെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ പ്രതീക്ഷിച്ച ബജറ്റിൽ കൂടുതൽ പോയിട്ടും നഷ്ടം സംഭവിച്ചത് അഞ്ചു കോടിക്ക് താഴെ മാത്രമാണെന്നും നിർമാതാവ് സന്തോഷ് ടി കുരുവിള പറഞ്ഞു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ്സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കുഞ്ഞാലി മരക്കാർ സിനിമയുടെ ചെറിയ പാർട്ണർ ആണ് ഞാൻ. ആന്റണി പെരുമ്പാവൂരുമായി ഞങ്ങൾ അബാദ് ഫ്ലാറ്റിൽ ഇരുന്ന് സംസാരിച്ചിരുന്നു. സിനിമ തുടങ്ങും മുൻപേ 48 കോടി രൂപയുടെ ബജറ്റ് മനസിൽ കണ്ടിരുന്നു. അതിൽ പത്ത് പന്ത്രണ്ട് കോടി വരെ നഷ്ടം വരാം എന്ന് ഞങ്ങൾ പറഞ്ഞിരുന്നു. അത് ചേട്ടന് ഓക്കേ ആണോ എന്ന് ആന്റണി ചോദിച്ചു. ഞാനും പുള്ളിയും റെഡി ആയിരുന്നു അങ്ങനെ ഒരു റിസ്ക് എടുക്കാൻ. അങ്ങനെ എടുത്ത സിനിമയാണ് കുഞ്ഞാലി മരക്കാർ. പക്ഷേ, സിനിമയുടെ ബജറ്റ് 80 കോടിക്ക് മുകളിൽ പോയി. നഷ്ടം മൊത്തം അഞ്ചു കോടിക്ക് താഴെ മാത്രമേ വന്നിട്ടുള്ളൂ,'. സന്തോഷ് ടി കുരുവിള പറഞ്ഞു.
ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി. കുരുവിള, റോയ് സി.ജെ. എന്നിവർ ചേർന്നാണ് 'മരക്കാർ' നിർമ്മിച്ചത്. നിരവധി വിവാദങ്ങൾക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കുന്നതിനുള്ള ധാരണയായത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവെയ്‌ക്കേണ്ടി വന്നിരുന്നു. 2021 ഡിസംബർ 2-നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും റാമോജി ഫിലിം സിറ്റിയിലാണ് നടന്നത്. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകൾ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ വിദേശത്താണ് നടന്നത്.