'പല തവണ വിലക്കിയിട്ടും നഗ്നചിത്രങ്ങൾ അയച്ചു'; യുവതിയുടെ പരാതിയിൽ സംഗീതസംവിധായകൻ അറസ്റ്റിൽ
ബംഗലുരു കെ എസ് ലേ ഔട്ട് സ്വദേശി മുരളീധർ റാവുവാണ് അറസ്റ്റിലായത്.
സോഷ്യൽ മീഡിയയിലൂടെ യുവതിക്ക് നഗ്നചിത്രങ്ങൾ അയച്ചതിന് സംഗീത സംവിധായകൻ അറസ്റ്റിലായി. ബംഗലുരു കെ എസ് ലേ ഔട്ട് സ്വദേശി മുരളീധർ റാവുവാണ് അറസ്റ്റിലായത്. കന്നാട സിനിമകളിലും സീരിയലുകളിലെയും സംഗീത സംവിധായകനാണ് മുരളീധർ റാവു. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്കാണ് ഇയാൾ ചിത്രങ്ങൾ അയച്ചത്.
2017ലാണ് മുരളീധർ റാവു യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ അടുപ്പത്തിലാകുകയായിരുന്നു. പലതവണ വിലക്കിയിട്ടും വാട്‌സ്ആപ്പ് വഴി മുരളീധർ റാവും നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ചെന്ന് യുവതി പരാതിയിൽ പറയുന്നു.
യുവതിയുടെ പരാതി ഇപ്രകാരമാണ്. 'നിരവധി സിനിമകളിൽ യുവതാരങ്ങൾക്ക് അവസരം നൽകിയിട്ടുണ്ടെന്ന വാദവുമായാണ് അയാൾ എന്നെ സമീപിച്ചത്. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നും ചോദിച്ചു. ഉണ്ടെന്നു പറഞ്ഞതോടെ അയാളുടെ സ്വഭാവം മാറി. മുരളീധർ റാവു പിന്നീട് അശ്ലീല സന്ദേശങ്ങളും, ചിത്രങ്ങളും അയക്കാൻ തുടങ്ങി. ഒരു ദിവസം അയാളുടെ ചിത്രം കണ്ട് ഞാൻ ഞെട്ടിപ്പോയി. സ്വയം നഗ്ന ചിത്രം തന്നെ അയാൾ എനിക്കയച്ചു. ഇനി ആവർത്തിക്കരുതെന്ന് അയാളോട് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. അതിനാലാണ് പരാതിപ്പെട്ടത്.
യുവതിയുടെ പരാതിയെ തുടർന്ന് കെ എസ് ലൗട്ടിലെ താമസസ്ഥലത്തെത്തി മുരളീധർ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ സ്ത്രീകൾ ഇയാളുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.