പ്രേമം എന്ന സിനിമയുടെ വമ്പൻ വിജയത്തോടെ നിവിൻ പോളിക്ക് എതിരാളികളില്ലെന്ന് സിനിമാ ലോകം വിലയിരുത്തി. എന്നാൽ, തിരക്കഥകളുടെ തെരഞ്ഞെടുപ്പിൽ വ്യത്യസ്തത പുലർത്തിയിരുന്നെങ്കിലും അത് ജനം സ്വീകരിച്ചില്ല. കരിയറിലെ ഒരു മോശം കാലത്ത് നിവിനെ വിമർശിച്ചവരിൽ പലരും അദ്ദേഹം ശരീരം ശ്രദ്ധിക്കുന്നില്ലെന്നതും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിമർശനം പലപ്പോഴും പരിഹാസത്തിലേക്കും ബോഡി ഷെയിമിലേക്കും വഴി മാറി.
ഇപ്പോഴിതാ നിവിൻ പോളിയുടെ പുതിയ മേക്കോവർ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. തടി കുറച്ച് മെലിഞ്ഞ് സ്റ്റൈലിഷ് ഗെറ്റപ്പിൽ നിൽക്കുന്ന ചിത്രങ്ങൾ നിവിൻ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. വൻ വരവേൽപ്പ് ആണ് ഇതിന് ലഭിക്കുന്നത്. ഒപ്പം പുതിയ മേക്കോവറിലുള്ള വീഡിയോകളും റീലുകളായി സോഷ്യൽ മീഡിയയിലുണ്ട്. പ്രേമത്തിൽ നിവിൻ അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിൻറെ വിഷ്വലുമായി ചേർത്തുള്ളതാണ് പല റീലുകളും.
നിവിൻ 2.0 എന്നാണ് ആരാധകരിൽ പലരും അദ്ദേഹത്തിൻറെ പുതിയ മേക്കോവറിനെ വിലയിരുത്തിയിരിക്കുന്നത്. അങ്ങനെയൊന്നും ഇല്ലാതാകുന്നതല്ല നിവിൻ പോളിയുടെ ജനപ്രീതിയെന്ന് വ്യക്തമാവുകയാണ് ഇതോടെ. നയൻതാരയ്ക്കൊപ്പം എത്തുന്ന ഡിയർ സ്റ്റുഡൻഡ്സ് എന്ന ചിത്രമാണ് നിവിൻറെ അടുത്ത റിലീസ്. തമിഴ് സംവിധായകൻ റാം ഒരുക്കുന്ന ഏഴ് കടൽ ഏഴ് മലൈ എന്ന ചിത്രവും നിവിൻ പോളിയുടേതായി പുറത്തെത്താനുണ്ട്. ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലും നിവിൻ പോളിയാണ് നായകൻ.