Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പര്‍ താരങ്ങള്‍ എന്നെ കാസ്റ്റ് ചെയ്യാറേയില്ല, ഞാന്‍ കുറെ പഠിച്ചു: പാര്‍വതി തിരുവോത്ത്

Kasaba Movie

നിഹാരിക കെ.എസ്

, ബുധന്‍, 12 ഫെബ്രുവരി 2025 (13:50 IST)
ചില സൂപ്പര്‍ താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും തന്നെ അവര്‍ക്കൊപ്പം കാസ്റ്റ് ചെയ്യാറില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. മലയാള സിനിമയില്‍ 
തനിക്ക് വേണ്ട അവസരങ്ങൾ ലഭിക്കുന്നില്ലെന്നും പാർവതി വ്യക്തമാക്കി. ദ് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയായിരുന്നു നടി. 
 
തന്റെ അവസരങ്ങള്‍ നിഷേധിച്ചതു കൊണ്ട് താന്‍ കൂടുതല്‍ കരുത്തയായി. അവസരങ്ങള്‍ നിഷേധിച്ചപ്പോള്‍ സ്വന്തമായി ജോലി കണ്ടെത്താന്‍ താന്‍ സ്വയംപര്യാപ്തയായി. തന്നെ മനഃപൂര്‍വം ഒഴിവാക്കുന്ന ഗ്രൂപ്പിന്റെ ഒപ്പം സിനിമ ചെയ്യാന്‍ തനിക്കും താല്‍പര്യമില്ല. എന്നിട്ടും തനിക്ക് സിനിമകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല എന്നാണ് പാര്‍വതി പറയുന്നത്.
 
'ഒന്നിന് പിറകെ ഒന്നായി ഹിറ്റുകള്‍ കൊടുത്തിട്ടും എനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. അത് ഞാന്‍ സിലക്ടീവ് ആയതു കൊണ്ടല്ല സംഭവിച്ചത്. ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്തീന്‍, ഉയരെ, ചാര്‍ളി തുടങ്ങിയ സിനിമകളൊക്കെ വാണിജ്യപരമായി വിജയിച്ച സിനിമകളാണ്. അതിന് ശേഷം ഞാന്‍ ചെയ്ത മലയാളം സിനിമകളുടെ എണ്ണം നോക്കിയാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകും. മലയാളത്തില്‍ എനിക്ക് കിട്ടേണ്ട അത്രയും സിനിമകള്‍ കിട്ടിയില്ല. എനിക്കൊപ്പം കാസ്റ്റ് ചെയ്യപ്പെടുന്ന താരങ്ങളെ നോക്കൂ, ചില ആളുകള്‍ക്കൊപ്പം ഞാന്‍ കാസ്റ്റ് ചെയ്യപ്പെടാറേ ഇല്ല.
 
അത്തരം അവസരങ്ങള്‍ തീര്‍ച്ചയായും നഷ്ടപ്പെടും. പകല്‍ പോലെ വ്യക്തമാണ് ആ കാര്യങ്ങള്‍. സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല ചില സങ്കേതികപ്രവര്‍ത്തകരും ഉണ്ട്. അത് അവരുടെ ക്രിയാത്മക തിരഞ്ഞെടുപ്പ് ആയിരിക്കാം. ഇവിടെ ഞാന്‍ മാത്രമല്ലല്ലോ അഭിനേതാവായിട്ടുള്ളത്. മറ്റു പലരും ആ റോളിന് അനുയോജ്യരാകാം. ഇപ്പോള്‍ അത്തരം കാര്യങ്ങളൊന്നും അങ്ങനെ എന്നെ ബാധിക്കാറില്ല. എനിക്ക് അവസരങ്ങള്‍ നിഷേധിച്ചപ്പോള്‍ സ്വന്തമായി ജോലി കണ്ടെത്താന്‍ ഞാന്‍ സ്വയംപര്യാപ്തയായി. അവസരങ്ങള്‍ നിഷേധിച്ചാല്‍ ഞാന്‍ നിശബ്ദയാകുമെന്ന് കരുതിയെങ്കില്‍ തെറ്റി. അത് എന്നെ കരുത്തയാക്കി.
 
ഏഴെട്ട് വര്‍ഷം ഇങ്ങനെ തുടര്‍ന്നപ്പോള്‍ അതില്‍ നിന്നും ഞാന്‍ കുറെ പഠിച്ചു. ഇപ്പോള്‍ ഇതൊന്നും എന്നെ ബാധിക്കാറില്ല. അതിന് വേണ്ടി ഊര്‍ജം കളയേണ്ട ആവശ്യവും വരുന്നില്ല. എന്റെ മുഴുവന്‍ ഊര്‍ജവും ഇപ്പോള്‍ ജോലി ചെയ്യുന്ന ഇടം എങ്ങനെ മികച്ചതാക്കാം, എങ്ങനെ നല്ല സൗഹൃദം സൃഷ്ടിക്കാം, എങ്ങനെ കലക്ടീവില്‍ നന്നായി ഇടപെടാം, എങ്ങനെ മികച്ച ജീവിതം സാധ്യമാക്കാം, എങ്ങനെ എന്റേതായ വര്‍ക്ക് സൃഷ്ടിക്കാം എന്നതിലാണ് വിനിയോഗിക്കപ്പെടുന്നത്. ഒരു തരത്തില്‍ എന്റെ ശ്രദ്ധ തിരിക്കുന്ന യാതൊന്നും ഇപ്പോഴില്ല എന്ന് പറയാം.
 
എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റിയത് ഒരു കാലം വരെ കുറച്ചു സിനിമകള്‍ ചെയ്ത്, കുറച്ചു പൈസ ഉണ്ടാക്കിയതുകൊണ്ടാണ്. അത് എല്ലാക്കാലവും നിലനില്‍ക്കില്ല. അതുകൊണ്ട് ഞാന്‍ ഇനിയും കഠിനാധ്വാനം ചെയ്യേണ്ടി ഇരിക്കുന്നു. 17-ാം വയസില്‍ അഭിനയിച്ചു തുടങ്ങിയ വ്യക്തിയാണ് ഞാന്‍. അഭിനയം തന്നെയാണോ ഞാന്‍ ചെയ്യേണ്ടത് എന്ന് ആലോചിക്കാനുള്ള സമയമൊന്നും അന്ന് ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് അതിനുള്ള സമയം കിട്ടുന്നത്. ഓരോ സിനിമയും വരുമ്പോള്‍, എനിക്കിത് ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ, ആളുകള്‍ക്ക് ഇഷ്ടമാകുന്നുണ്ടല്ലോ എന്ന ആശ്വാസമാണ് എനിക്ക്.
 
മുമ്പും ഞാന്‍ വര്‍ഷത്തില്‍ രണ്ട് സിനിമകളെ ചെയ്തിരുന്നുള്ളൂ. പക്ഷേ, കൂടുതല്‍ അവസരങ്ങള്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു. സാങ്കേതികമായി പറഞ്ഞാല്‍, ചെയ്യുന്ന സിനിമകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് പറയാം. എന്നെ മനഃപൂര്‍വം ഒഴിവാക്കുന്ന ഗ്രൂപ്പിന്റെ ഒപ്പം സിനിമ ചെയ്യാന്‍ എനിക്കും താല്‍പര്യമില്ല. ഞാന്‍ സ്വമേധയാ സിനിമ വേണ്ടെന്ന് വച്ചു പോകുന്നത് വരെ അഭിനയം തുടരും. അവസരം നഷ്ടപ്പെടുന്നത് എനിക്ക് മാത്രമല്ല. എന്റെ കാര്യത്തില്‍ അത് കുറച്ചൂടെ പ്രകടമാണെന്ന് മാത്രം. ഞാന്‍ ഫീല്‍ഡ് ഔട്ട് ആയെന്നൊക്കെ ചിലര്‍ പറഞ്ഞേക്കാം. സാരമില്ല. ഇത് എന്റെ ഫീല്‍ഡ് ആണല്ലോ. എനിക്ക് വേണ്ടപ്പോള്‍ തിരിച്ചു വരാമല്ലോ', എന്നാണ് പാര്‍വതി പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Interstellar Re Release: റി റിലീസില്‍ ഒരു ഹോളിവുഡ് സിനിമയ്ക്ക് ഇത്രയും കളക്ഷനോ? ഐ- മാക്‌സ് റിലീസിനെത്തി ഞെട്ടിച്ച് ഇന്റര്‍ സ്റ്റെല്ലാര്‍