മഞ്ജു വാര്യർ എവിടെ? എന്തുകൊണ്ട് ഡബ്‌ള്യുസിസിയിൽ ഇല്ല?: പാർവതി പറയുന്നു
വിധു വിൻസെന്റ് അടുത്തിടെ സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു
ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളായിരുന്ന മഞ്ജു വാര്യരും വിധു വിന്‍സെന്റും. എന്നാൽ, വിധു വിൻസെന്റ് അടുത്തിടെ സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. മഞ്ജു വാര്യർ സംഘടനയിൽ സജീവവുമല്ല. ഇതിന്റെ കാരണത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. അവരെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവരോട് തന്നെ ചോദിക്കണം. മറ്റുള്ളവരുടെ സത്യം തന്നോട് ചോദ്യം ഉന്നയിക്കുന്നത് ശരിയല്ല എന്നാണ് പാര്‍വതി പറയുന്നത്.
'അത് നിങ്ങള്‍ അവരോട് തന്നെ ചോദിക്കണം. കാരണം അതിനെ കുറിച്ച് സംസാരിക്കേണ്ട ആള്‍ ഞാനല്ല. എല്ലായ്‌പ്പോഴും എന്നോട് തന്നെ ഈ ചോദ്യം പലരും ആവര്‍ത്തിക്കുന്നത് ന്യായമല്ലെന്ന് എനിക്ക് തോന്നാറുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് എന്നോടു ചോദിക്കുന്നത്? അവരോടല്ലേ ഇത് ചോദിക്കേണ്ടത്? നിങ്ങള്‍ക്ക് അവരുടെ അഭിമുഖങ്ങള്‍ ലഭിക്കില്ല എന്നൊന്നും ഇല്ലല്ലോ.
പക്ഷെ വളരെ സൗകര്യപ്രദമായി, സുഖകരമായി നിങ്ങള്‍ ഏറ്റവും കഠിനാധ്വാനം ചെയ്യുന്നവരോട് തന്നെ ഇത് ചോദിച്ചു കൊണ്ടിരുന്നു. അങ്ങനെ ഞങ്ങള്‍ കൂടുതല്‍ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് ഈ സ്‌പേസ് നിങ്ങള്‍ സംസാരിക്കാന്‍ അധികം അവസരം ലഭിക്കാത്ത ആളുകള്‍ക്ക് കൊടുക്കാത്തത്? എനിക്കും അറിയാന്‍ ആഗ്രഹമുണ്ട്. നിങ്ങള്‍ അവരോടു ചോദിക്കുമ്പോള്‍ അവര്‍ എന്ത് മറുപടിയാണ് നല്‍കുന്നത്?
ഒരു പ്രത്യേക വ്യക്തിയോട് മാത്രമല്ല ഞാനിത് പറയുന്നത് മുഴുവന്‍ മാധ്യമങ്ങളോടുമാണ്. എനിക്ക് ഉത്തരം അറിയാത്ത കാര്യങ്ങള്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്. നിങ്ങള്‍ മാധ്യമങ്ങളാണ്, നിങ്ങള്‍ അന്വേഷകരാണ്, സത്യം പുറത്തുകൊണ്ടുവരേണ്ടത് നിങ്ങളാണ്. എനിക്ക് ആരോടും ഒരു ബാധ്യതയുമില്ല. എനിക്ക് എന്റെ സത്യങ്ങള്‍ മാത്രമാണ് പറയാന്‍ കഴിയുക. മറ്റൊരാളുടെ സത്യം അറിയാന്‍ എന്നോട് ചോദിക്കുന്നത് ന്യായമല്ല', പാർവതി പറയുന്നു.