Parvathy Thiruvothu: ഹൃത്വിക് റോഷനുമായി കൈകോർത്ത് പാർവതി തിരുവോത്ത്
'സ്‌റ്റോം' എന്ന വെബ് സീരീസിലൂടെയാണ് ഹൃത്വിക് പുതിയ മേച്ചിൽപ്പുറം തേടുന്നത്.
ബോളിവുഡിന്റെ സൂപ്പർ താരം ഹൃത്വിക് റോഷൻ നിർമാണത്തിലേക്ക്. ഹൃത്വിക് നിർമിക്കുന്ന വെബ് സീരീസിൽ പാർവതി തിരുവോത്ത് ആണ് നായിക. എച്ച്ആർഎക്‌സ് ഫിലിംസ് എന്ന ബാനറിന്റെ കീഴിലാണ് ഹൃത്വിക് റോഷൻ നിർമാണം ആരംഭിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിർമിക്കുന്ന 'സ്‌റ്റോം' എന്ന വെബ് സീരീസിലൂടെയാണ് ഹൃത്വിക് പുതിയ മേച്ചിൽപ്പുറം തേടുന്നത്.
മുംബൈയുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ ഒരു സംഘത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. അജിത്പാൽ സിങ് ആണ് സീരീസിന്റെ ക്രിയേറ്ററും സംവിധായകനും. ഫ്രാങ്കോയ്‌സ് ലുണേലും സ്വാതി ദാസും അജിത്പാൽ സിങും ചേർന്നാണ് സീരീസ് എഴുതിയിരിക്കുന്നത്. പാർവതിയ്‌ക്കൊപ്പം അലയ എഫ്, ശ്രിഷ്ടി ശ്രീവാത്സവ, സബ അസാദ്, റമ ശർമ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ബോളിവുഡിൽ നേരത്തെ തന്നെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് പാർവതി തിരുവോത്ത്. ഇർഫാൻ ഖാനൊപ്പം അഭിനയിച്ച ഖരീബ് ഖരീബ് സിംഗിൾ ആയിരുന്നു ആദ്യ ഹിന്ദി ചിത്രം. പിന്നീട് പങ്കജ് ത്രിപാഠിയ്‌ക്കൊപ്പം കഠക് സിങിലും അഭിനയിച്ചു. പാർവതിയുടെ ആദ്യ വെബ് സീരീസായിരിക്കും സ്‌റ്റോം.