അങ്ങനെയാണ് മോഹന്‍ലാലിനെ മറികടന്ന് ദേശീയ പുരസ്‌കാരം ഞാന്‍ സ്വന്തമാക്കിയത്; പ്രകാശ് രാജ് പറയുന്നു
മോഹന്‍ലാലിനെ മറികടന്ന് ദേശീയ പുരസ്‌കാരം വാങ്ങിയതിന് പിന്നില്‍, പ്രകാശ് രാജ് വെളിപ്പെടുത്തുന്നു
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രിയങ്കരനായ നടനാണ് പ്രകാശ് രാജ്. തമിഴ്, തെലുങ്ക് സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരത്തിന് മലയാളത്തിലും ആരാധകരുടെ എണ്ണം കുറവല്ല. മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ പ്രകാശ് രാജ് കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പൊള്‍ ഇതാ നീണ്ട 20 വര്‍ഷത്തിന് ശേഷം ഒടിയന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലുമൊത്ത് വീണ്ടും താരം ഒന്നിക്കുകയാണ്.
ഇരുപത് വര്‍ഷം മുമ്പ് ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലിനോടൊപ്പം അഭിനയിച്ചതിന്റെ അനുവഭങ്ങളും തനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ചുമെല്ലാം ഒരു അഭിമുഖത്തില്‍ പ്രകാശ് രാജ് പറയുകയുണ്ടായി. ആ സിനിമയില്‍ മോഹന്‍ലാലിനെ മറികടന്നായിരുന്നു തനിക്ക് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതെന്നും പ്രകാശ് രാജ് വെളിപ്പെടുത്തി.
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ തമിഴ് രാഷ്ട്രീയം പ്രമേയമായ ഇരുവര്‍ എന്ന ചിത്രമായിരുന്നു അത്. എംജിആറിന്റെയും കരുണാനിധിയുടെയും കഥ പറഞ്ഞ ആ ചിത്രത്തില്‍ മോഹന്‍ലാലും പ്രകാശ് രാജുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ ചിത്രം ദേശീയ അവാര്‍ഡ് ജൂറിയുടെ മുന്നിലേക്കെത്തിയപ്പോള്‍ സഹനടന്റെ അവാര്‍ഡിനായിരുന്നു പരിഗണിച്ചത്.
കഥാപാത്രങ്ങളെ ഒരുപാട് തവണ സ്‌ക്രീനില്‍ കണ്ട ജൂറിതന്നെ ആശയക്കുഴപ്പത്തിലായെന്ന് പ്രകാശ് രാജ് പറയുന്നു. മോഹന്‍ലാലാണോ പ്രകാശ് രാജാണോ മികച്ച സഹനടന്‍ എന്നതായിരുന്നു അവരുടെ സംശയം. ആരാണ് സഹനടനെന്ന് ജൂറി സംവിധായകന്‍ മണിരത്‌നത്തിനോട് ചോദിച്ചു. ആ സമയം അദ്ദേഹത്തിന് ദേഷ്യം വന്നു. അവര്‍ രണ്ട് പേരും നായക കഥാപാത്രങ്ങളാണെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
അതിനുശേഷമാണ് മണിരത്‌നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി ഇക്കാര്യം അറിഞ്ഞത്. തുടര്‍ന്നാണ് പ്രകാശ് രാജിന്റെ പേര് പറയാന്‍ സുഹാസിനി മണിരത്‌നത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടുപേരില്‍ ആരാണ് സഹനടനെന്ന കാര്യം മണിരത്‌നം വെളിപ്പെടുത്തിയില്ലെന്നും അവസാനം മികച്ച സഹനടനുള്ള പുരസ്‌കാരം തന്നെ തേടിയെത്തിയെന്നും പ്രകാശ് രാജ് പറയുന്നു.