തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ , പ്രേമലു എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് ഗിരീഷ് എ.ഡി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പ്രേമലു വൻ ഹിറ്റായി മാറിയിരുന്നു. സൗത്ത് ഇന്ത്യയിൽ ചിത്രം തരംഗം സൃഷ്ടിക്കുകയും ഇതിലൂടെ മമിത ബൈജുവിന് നിരവധി അന്യഭാഷാ ഓഫറുകൾ വരികയും ചെയ്തു. ഇപ്പോഴിതാ, ഗിരീഷിനെ പുകഴ്ത്തി പൃഥ്വിരാജ് സുകുമാരൻ.
ഗിരീഷ് മലയാളത്തിലുള്ള മികച്ച സംവിധായകരിൽ ഒരാളാണ് എന്നും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ താത്പര്യമുണ്ടെന്നും പറയുകയാണ് പൃഥ്വിരാജ്. ഗിരീഷിനെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ചെയ്യാൻ ബുദ്ധിമുട്ടുകളുള്ള ഴോണറിലുള്ള സിനിമകളാണ് അത്രയും ഭംഗിയായി അദ്ദേഹം ചെയ്യുന്നതെന്നും പൃഥ്വിരാജ് പറയുന്നു.
ഗിരീഷ് എ. ഡിയുടെ സംവിധാനത്തിൽ ഒരു സിനിമ ചെയ്യാൻ എനിക്ക് വളരെ ആഗ്രഹമുണ്ട്. അടിപൊളിയായ ഫിലിം മേക്കറാണ് അദ്ദേഹം. ഒരു നല്ല എഴുത്തുകാരനാണ്. എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണാനോ സംസാരിക്കാനോ ഉള്ള അവസരം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ അദ്ദേഹം ഗംഭീര ഫിലിം മേക്കറാണെന്ന് അറിയാം. നമുക്കുള്ളവരിൽ വച്ച മികച്ച ഒരാളാണ്. ഇപ്പോൾ നമുക്കുള്ളതിൽ വെച്ച് മികച്ച സംവിധായകനാണ് അദ്ദേഹം.
എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ചെയ്ത സിനിമകളെല്ലാം പെർഫെക്റ്റ് ആണ്. ചെയ്യാൻ ബുദ്ധിമുട്ടുകളുള്ള ഴോണറിലുള്ള സിനിമകളാണ് അത്രയും ഭംഗിയായി അദ്ദേഹം ചെയ്യുന്നത്. ആളുകൾ ആസ്വദിക്കുന്ന രീതിയിൽ സിനിമ ജനങ്ങളിലേക്ക് എത്തിക്കണമെങ്കിൽ ഗിരീഷ് ഒരു ജീനിയസാണ്', എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.