തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകൾക്ക് പിന്നാലെ സിനിമകൾക്കെതിരെയും വിമർശനമുന്നയിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. വര്‍ത്തമാന സിനിമകള്‍ മനുഷ്യരുടെ ഹിംസകളെ ഉണര്‍ത്തുന്നുവെന്നും ഹിംസകളെ കൗതുകകരമായി അവതരിപ്പിക്കാനാണ് സംവിധായകര്‍ ശ്രമിക്കുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു. 2022-23 സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സമര്‍പ്പണ വേദിയിലാണ് പ്രേംകുമാർ പ്രതികരിച്ചത്.
'സിനിമയ്ക്ക് ഭാഗ്യത്തിന് സെൻസറിങ് സംവിധാനം ഉണ്ട്. എന്നാൽ ഈയടുത്ത് വൈലൻസ് കൊണ്ട് പേരെടുത്ത ചില സിനിമകൾ സെൻസറിങ് നേടിയെടുക്കുന്നുണ്ട്. മനുഷ്യനുള്ളിൽ ഉറങ്ങിക്കിടക്കുന്ന വന്യതയേയും മൃഗീയതയേയും ഉണർത്തുന്നതാണ് പല സിനിമകളും. കൊലപാതകങ്ങൾ ക്രൂര വിനോദമായി ആഘോഷിക്കപ്പെടുന്നു. ചില സമകാലീന സിനിമകളെ കുറിച്ചാണ് പറയുന്നത്. അപകടകരമായ രീതിയിലാണ് ഇതൊക്കെ പോകുന്നത്. സെൻസറിങ് ഉണ്ടെന്നതാണ് സിനിമയെ സംബന്ധിച്ച് ആശ്വാസം. സെന്‍സറിങിനെ മറികടന്നും ക്രൂരതയും പൈശാചികതയും അവതരിപ്പിക്കുന്നു.
ഈ ചിത്രങ്ങൾ എങ്ങനെ പ്രദർശനാനുമതി നേടുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ സെന്‍സറിങ് സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ അതിനെയൊക്കെ മറികടന്നുകൊണ്ട് ക്രൂരവും പൈശാചികവും ബീഭത്സവുമായ ദൃശ്യങ്ങള്‍, അതിന്‍റെ പുതിയ ആവിഷ്കരണ രീതികള്‍ പരീക്ഷിക്കുന്നതില്‍ കൗതുകം കണ്ടെത്തുന്ന പുതിയ ചലച്ചിത്ര പ്രവര്‍ത്തകരെക്കുറിച്ച് കൂടിയാണ് ഞാന്‍ പറയുന്നത്', പ്രേംകുമാർ പറഞ്ഞു.