പൃഥ്വിരാജ് സുകുമാരന് ഇന്ന് പിറന്നാൾ. ഇന്ന് മലയാള സിനിമയിലെ പാൻ ഇന്ത്യൻ തലത്തിൽ പ്രതിനിധീകരിക്കുന്ന താരമായി വളർന്നിരിക്കുകയാണ് പൃഥ്വിരാജ്. നടനെന്ന നിലയിൽ മാത്രമല്ല, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്ന നിലയിലെല്ലാം മലയാള സിനിമയിലെ ശക്തനാണ് പൃഥ്വിരാജ്.
മലയാള സിനിമാ ലോകത്തെ നിയന്ത്രണ ശക്തികളിൽ ഒരാളായി പൃഥ്വിരാജ് വളർന്നിരിക്കുന്നു. മലയാള സിനിമയിലേക്ക് രാജ്യാന്തര നിർമാണ കമ്പനികളെ എത്തിക്കുന്നതിലും, മലയാള സിനിമയ്ക്ക് പാൻ ഇന്ത്യൻ സ്വീകാര്യത ലഭിക്കുന്നതിലുമെല്ലാം പൃഥ്വിരാജ് എന്ന വ്യക്തിയുടെ വിഷൻ കൂടിയുണ്ട്.
എമ്പുരാനിലൂടെ മലയാളത്തിലെ ആദ്യ 250 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ പൃഥ്വിരാജിന്റെ ആസ്തി 56 കോടിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു സിനിമയ്ക്ക് പൃഥ്വിരാജ് വാങ്ങുന്നത് നാല് മുതൽ പത്ത് കോടി വരെയാണെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലുമെല്ലാം പൃഥ്വിരാജെന്ന നടൻ ഇന്ന് സജീവ സാന്നിധ്യമാണ്.
കൊച്ചിയിലെ ആഢംബര ബംഗ്ലാവിന് പുറമെ മുംബൈയിലെ ബാന്ദ്രയിലെ പാലി ഹില്ലിൽ ഏതാണ്ട് 17 കോടി വിലമതിക്കുന്ന വസതിയും പൃഥ്വിരാജിനുണ്ട്. കാറുകളോട് അതിയായ ഇഷ്ടമുള്ളയാളാണ് പൃഥ്വിരാജ്. ലംബോർഗിനി ഉറൂസ്, മെഴ്‌സിഡസ് എഎംജി 63, റേഞ്ച് റോവർ വോഗ്, ലാൻഡ് റോവർ ഡിഫൻഡർ 110, പോർഷെ കയെൻ എന്നീ കാറുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.