സ്വന്തം വരികൾ പങ്കുവച്ചതിന് റഫീക്ക് അഹമ്മദിനെ ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തു. പകർച്ചാവകാശ ലംഘനം കാണിച്ചാണ് സ്വന്തം വരികൾ പങ്കുവച്ച റഫീഖ് അഹമ്മദിന് ഫെയ്സ്ബുക്ക് പണി കൊടുത്തത്. അഞ്ജലി മേനോൻ ചിത്രമായ കൂടെയിലെ വരികളാണ് റഫീഖ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ഇതിനെ തുടർന്ന് ഒരു മണിക്കൂർ നേരത്തേക്ക് ഫെയ്സ്ബുക്ക് റഫീഖ് അഹമ്മതിനെ ബോക്ക് ചെയ്യുകയായിരുന്നു.
ബ്ലോക്ക് നീങ്ങിയതിന് ശേഷം റഫീഖ് അഹമ്മദ് തന്നെയാണ് ഇക്കാര്യങ്ങൾ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തന്നെ അറിയിച്ചത്
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഒരു പടത്തിലെ പാട്ട് കിട്ടി. കേട്ടപ്പോൾ നന്നെന്നു തോന്നി. എഫ്.ബി.യിൽ ഷെയർ ചെയ്തു. ഭയങ്കര പ്രശ്നമായി. അതൊരു പകർപ്പവകാശ ലംഘനമായിരുന്നു. 24 മണിക്കൂർ എഫ്.ബിക്ക് പുറത്ത് നിർത്തുക എന്നതായിരുന്നു അതിന്റെ ശിക്ഷ. ശിക്ഷ കഴിഞ്ഞ് ദാ, റിലീസായി. മുതലാളിമാരേ അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ. നാലണ ലാഭമില്ലാത്ത ഏർപ്പാടാണ്. പാട്ട് കൂടുതൽ ആൾക്കാർ കേട്ടാൽ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ. ഏതായാലും ഇത് ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പു തരുന്നു.
(മുതലാളിമാർ കേൾക്കാതെ മെല്ലെ ഒരു രഹസ്യം കൂട്ടുകാരോട് പങ്കിടാം. ആ പാട്ട് എഴുതിയത് അടിയൻ തന്നെ ആയിരുന്നു.)