ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.
കൊച്ചി: ആഡംബര ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ നിലവിൽ തമിഴ്‌നാട്ടിലെന്ന സൂചന. ഇതിനിടെ, ഷൈൻ ടോം ചാക്കോയുടെ മുറിയിൽ എത്തിയവരുടെ മൊഴി രേഖപ്പെടുത്തി പോലീസ്. ഷൈന്റെ മുറിയിലെത്തിയ യുവതികളിൽ ഒരാളുമായി ഷൈനിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.
ഡാൻസാഫ് ആഡംബര ഹോട്ടലിലേയ്ക്ക് എത്തിയത് നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണി സജീറിനെ തേടിയാണെന്നും വിവരമുണ്ട്. ഇയാൾ ഷൈൻ്റെ മുറിയിൽ ഉണ്ടാകും എന്ന വിലയിരുത്തലിലാണ് ഡാൻസാഫ് അകത്തുകയറിയത്. ഇതിനിടെ ഷൈൻ ആഡംബര ഹോട്ടലിലേക്ക് ബൈക്കിലാണ് എത്തിയതെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഷൈനിനെ ആഡംബര ഹോട്ടലിൽ എത്തിച്ച ബൈക്ക് യാത്രികനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണത്തിൽ നടി വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടാനുള്ള നീക്കം എക്സൈസ് ഉപേക്ഷിച്ചു. വിൻസിയുടെ ഭാഗത്ത് നിന്നും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണിത്. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും എക്സൈസ് വ്യക്തമാക്കി.