ആദ്യ ബോളിവുഡ് സിനിമയിൽ അഭിനയിക്കാനൊരുങ്ങുമ്പോൾ രശ്‌മിക മന്ദാനയുടെ സമയം അത്ര നല്ലതായിരുന്നില്ല. തുടർച്ചയായി ചെയ്യുന്ന സിനിമകളെല്ലാം പരാജയപ്പെടുന്നു, മോശം പ്രകടനങ്ങൾ അങ്ങനെ പല കാരണങ്ങൾ കൊണ്ട് രശ്‌മിക ട്രോളർമാരുടെ സ്ഥിര ഇരയായി ഇരിക്കുന്ന സമയമായിരുന്നു രൺബീർ കപൂറിനൊപ്പം രശ്‌മിക അനിമൽ സിനിമ ചെയ്തത്. ചിത്രം വമ്പൻ ഹിറ്റായി. ബോക്സ് ഓഫീസിൽ കോടികൾ വരുന്ന സിനിമയിലെ പ്രധാന റോളിൽ തിളങ്ങുകയാണ് നടി ഇപ്പോൾ.
'അനിമൽ' എന്ന സിനിമയാണ് രശ്‌മികയ്ക്ക് വലിയ തിരിച്ചുവരവ് നൽകിയ സിനിമ. സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനായി എത്തിയ ചിത്രം 900 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിൽ രശ്‌മിക അവതരിപ്പിച്ച ഗീതാഞ്ജലി എന്ന ഭാര്യ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചിത്രം കോടി ക്ലബ്ബുകൾ കടന്ന് മുന്നേറിയത് ബോളിവുഡിൽ രശ്‌മികയ്ക്ക് പുതിയൊരു മാർക്കറ്റ് തുറന്നുകൊടുത്തു.
അല്ലു അർജുൻ ചിത്രം 'പുഷ്പ 2 ദി റൂൾ' ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയമായപ്പോൾ രശ്മികയും അതിന്റെ ഭാഗമായി. നിരവധി വിമർശനങ്ങളാണ് സിനിമയിലെ പ്രകടനത്തിന് നടിയെ തേടിയെത്തിയതെങ്കിലും ചിത്രത്തിന്റെ ഗംഭീര വിജയം രശ്മികളുടെ സ്റ്റാർ വാല്യൂവിന് തിളക്കമേറുന്നതായിരുന്നു. രശ്മികളുടെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നു.
വിക്കി കൗശൽ നായകനായി എത്തിയ ഛാവ ആണ് ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ രശ്‌മിക ചിത്രം. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രം വലിയ കളക്ഷൻ ആണ് ബോക്സ് ഓഫീസിൽ നിന്നും നേടുന്നത്. 160 കോടിയോളമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.