‘ഇവരൊന്നും യഥാര്‍ത്ഥ പുരുഷന്മാരല്ല’; നല്ലവനൊപ്പം എന്ന ഹാഷ്ടാഗുമായി റിമ കല്ലിങ്കല്‍
ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്ത ഫേസ്ബുക്ക് പോസ്റ്റുമായി റിമ രംഗത്ത്
നല്ലവനൊപ്പം എന്ന ഹാഷ്ടാഗുമായി നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. മോശം പുരുഷന്മാരില്‍ നിന്നും യഥാര്‍ഥ പുരുഷന്മാരെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും സ്ത്രീകള്‍ നല്ല പുരുഷന്മാര്‍ക്കൊപ്പം നിലയുറപ്പിക്കണമെന്നും സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെ റിമ വ്യക്തമാക്കുന്നു.
റിമയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്റെ ഏറ്റവും അടുത്ത സുഹൃത്തും കഴിഞ്ഞ ഫെബ്രുവരി 17ന് കൊച്ചിയില്‍ ക്രൂരമായ അക്രമണത്തിന് ഇരയാക്കപ്പെട്ട നടിയുമാണ് ഈ ഫേസ്‌ബുക്ക് പോസ്റ്റ് എനിക്ക് അയച്ചു തന്നത്. അവള്‍ ഇപ്പോഴും തനിക്ക് ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്.
വളരെ കുറച്ചുമാത്രമുള്ള പുരുഷന്മാരുടെ മോശം സ്വഭാവം കൊണ്ട് എല്ലാ പുരുഷന്മാരെയും മോശക്കാരായി കാണരുതെന്നാണ് എനിക്ക് എല്ലാ സ്ത്രീകളോടും പറയാനുള്ളത്. നല്ലവരായ പുരുഷന്മാര്‍ക്ക് വേണ്ടി നാം സ്ത്രീകള്‍ നിലകൊള്ളണം. അവരെ രക്ഷിക്കുകയും വേണം. പുലിമുരുകന്‍ എന്ന സിനിമയ്ക്ക് മോശം നിരൂപണം എഴുതിയ സ്ത്രീയെ വിമര്‍ശിച്ചവര്‍ മോഹന്‍ലാലിനും സമൂഹത്തിലെ മറ്റുപുരുഷന്മാര്‍ക്കുമാണ് നാണക്കേട് ഉണ്ടാക്കിയത്. അതുപോലെ ലിച്ചിയെ കരയിച്ചവരാകട്ടെ മമ്മൂട്ടിക്കും മറ്റു പുരുഷന്മാര്‍ക്കും അപമാനമാകുകയും ചെയ്തു.
ദിലീപാണ് നടിക്കെതിരെ ക്വട്ടേഷന്‍ കൊടുത്തതെന്ന് പറഞ്ഞുവെക്കുന്ന ഈ ഫേസ്‌ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നവര്‍ മറ്റുപുരുഷന്മാര്‍ക്കെല്ലാം നാണക്കേടാആണ്. ഇതാണ് ശരിക്കുള്ള ഹീറോയിസം എന്നുവിശ്വസിക്കുന്ന ഇക്കൂട്ടരില്‍ നിന്നും യഥാര്‍ത്ഥ പുരുഷന്മാരെയും പുതുതലമുറയെയും രക്ഷപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ജയിലിന് പുറത്തുനിന്ന് മധുരം വിളമ്പുന്നവരും ഇതുപോലെയുള്ള ഫെയ്ക്ക് പ്രൊഫൈലുകള്‍ ഉള്ള ഭീരുക്കളോ യഥാര്‍ത്ഥ പുരുഷന്മാരല്ല. ഇങ്ങനെയുള്ളവരോടൊപ്പം സുഹൃത്തുക്കളാകാനോ സ്‌നേഹിക്കാനോ അവര്‍ക്കൊപ്പം ജീവിതം നയിക്കാനോ ഒരാള്‍ക്കും സാധിക്കില്ല. ഇവരില്‍ നിന്ന് നാം വരും തലമുറയെ രക്ഷപെടുത്തണമെന്നും റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.