മോഷണത്തിനിടെ മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചോര വാർന്നുകൊണ്ടിരുന്ന സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോക്കാരൻ ആയിരുന്നു. ഇപ്പോഴിതാ, സെയ്ഫിന്റെ ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ നേരിൽ കണ്ട് നടൻ സെയ്ഫ് അലിഖാൻ. ചൊവ്വാഴ്ച മുംബൈ ലീലാവതി ആശുപത്രിയിൽ വച്ചാണ് ഇരുവരും തമ്മിൽക്കണ്ടത്. റാണയോട് സെയ്ഫ് അലിഖാന്റെ അമ്മയും നടിയുമായ ഷർമിള ടാഗോർ നന്ദി പറഞ്ഞു.
അഞ്ച് മിനുറ്റോളം റാണയോട് സംസാരിക്കുകയും ആശ്ലേഷിക്കുകയും ചെയ്ത സെയ്ഫ് അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി പറഞ്ഞു. ശേഷം ഇരുവരും ചേർന്ന് ചിത്രവുമെടുത്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറി സെയ്ഫ് അലിഖാനെ ആക്രമിച്ചത്. ആക്രമണത്തിൽ നടന് ആറ് തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറയ്ക്കുകയും ചെയ്തു.
ചോരയിൽ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ചോര വാർന്നുകൊണ്ടിരിക്കെ സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ചതിനെ കുറിച്ച് റാണ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. താൻ ആശുപത്രിയിൽ എത്തിച്ചത് സെയ്ഫ് അലി ഖാനെ ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നായിരുന്നു റാണാ ദേശീയ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.