വളരെയധികം ആരാധകരുള്ള താരമാണ് സാമന്ത. സിനിമാജീവിതത്തിനോടൊപ്പം നടിയുടെ വ്യക്തിജീവിതവും ചർച്ചയാകാറുണ്ട്. നിലവിൽ വിവാഹമോചിതയാണ് നടി. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ചും ആദ്യ സിനിമയിലൂടെ ഉണ്ടായ മാറ്റത്തെക്കുറിച്ചും മനസുതുറക്കുകയാണ് സാമന്ത.
ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമായിരുന്നു തന്റേതെന്നും എന്നാൽ ആദ്യ സിനിമയോടെ എല്ലാം മാറിമറിഞ്ഞെന്നും സാമന്ത പറഞ്ഞു. എൻഡിടിവി വേൾഡ് സമ്മിറ്റിനിടെയാണ് സാമന്ത ഇതേക്കുറിച്ച് പങ്കുവെച്ചത്.
'എനിക്കൊന്നും ഉണ്ടായിരുന്നില്ല, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമാണ്. ആദ്യ സിനിമയോടെ എല്ലാം മാറിമറിഞ്ഞു. ഒറ്റ രാത്രികൊണ്ട് താരമായി മാറി, പേരും പ്രശസ്തിയും പണവും കയ്യടിയും വന്നു. പക്ഷേ സത്യസന്ധമായി പറയട്ടെ, ഇതുകൊണ്ട് എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു', സാമന്തയുടെ വാക്കുകൾ.
പുഷ്പയിലെ ഊ അണ്ടാവാ എന്ന ഗാനരംഗത്തിൽ അഭിനയിച്ചതിനേക്കുറിച്ചും സാമന്ത പറയുന്നുണ്ട്. തന്നേക്കൊണ്ട് കഴിയുമോ എന്ന് നോക്കാനാണ് ആ ഗാനം ചെയ്തത്. താൻ സ്വയം നൽകിയ വെല്ലുവിളിയാണത്. താനൊരിക്കലും സെക്സിയാണെന്ന് സ്വയം കരുതിയിട്ടില്ല. ഒരാളും തനിക്ക് ബോൾഡായ കഥാപാത്രം തരാനും പോകുന്നില്ലായിരുന്നു എന്നും സാമന്ത കൂട്ടിച്ചേർത്തു.